മക്കൾ അയൽവീട്ടിലെ കുട്ടികൾക്കൊപ്പം കളിക്കാൻ പോയി; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മക്കളെ മർദിച്ച പാസ്റ്റർ അറസ്റ്റിൽ

കുട്ടികൾക്ക് ചികിത്സ നൽകിയ ശേഷം ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

കന്യാകുമാരി: വീടിനടുത്തുള്ള കുട്ടികളുമായി കളിച്ചതിന് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉൾപ്പടെ ക്രൂരമായി മർദിച്ച കേസിൽ പാസ്റ്റർ കിങ്സ്‌ലി ഗിൽബർട്ട് അറസ്റ്റിൽ. ആറും മൂന്നും വയസുള്ള രണ്ട് ആൺകുട്ടികളാണ് മർദനത്തിനിരയായ മറ്റ് കുഞ്ഞുങ്ങൾ. സംഭവം നടക്കുന്ന അന്ന് കുട്ടികളെ വീട്ടിലാക്കി കിങ്സ്ലി പുറത്ത് പോയിരുന്നു.

തിരിച്ച് വന്നപ്പോൾ കുട്ടികൾ അയൽവീട്ടിലെ കുട്ടികളുമായി കാണുകയായിരുന്നു. ഇത് കണ്ട പാസ്റ്റർ പ്രകോപിതനാവുകയും കുട്ടികളെ മർദിക്കുകയുമായിരുന്നു. വ്യായാമത്തിന് ഉപയോഗിക്കുന്ന സ്കിപ്പിങ് റോപ് ഉപയോഗിച്ചാണ് കുട്ടികളെ ഉപദ്രവിച്ചത്. രാത്രിയിൽ കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ വീട്ടിൽ നിന്ന് കേട്ടതോടെ നാട്ടുകാർ ഇവരുടെ വീട്ടിലേക്ക് എത്തിയിരുന്നു. പക്ഷേ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തിയപ്പോൾ കുഞ്ഞുങ്ങൾ പരിക്കേറ്റ് അവശനിലയിലായിരുന്നു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം സംഭവം നടക്കുമ്പോൾ അമ്മ വീട്ടിൽ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം സമീപത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ് ഇപ്പോൾ.

Content Highlights: Pastor arrested for beating children, including toddler

To advertise here,contact us