'ഡിഎംകെയുടെ കയ്യിലെ പാവ'; തമിഴ്‌നാട് പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി വിജയ്

പാര്‍ട്ടിയുടെ ജില്ലാ ഭാരവാഹിയായ ഗംഗാവതിയുടെ വയറ്റില്‍ ചവിട്ടുകയും തമിഴ് സെല്‍വി എന്ന പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്‌തെന്നാണ് ടിവികെയുടെ ആരോപണം

ചെന്നൈ: തീപ്പിടുത്തമുണ്ടായ സ്ഥലത്ത് പരിക്കേറ്റവരെ സഹായിക്കുകയായിരുന്ന ടിവികെ പ്രവര്‍ത്തകയെ പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തിൽ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്. തീപ്പിടുത്തം ബാധിക്കപ്പെട്ടവര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയാണ് ടിവികെ പ്രവര്‍ത്തകരെ പൊലീസ് ആക്രമച്ചതെന്നും പാര്‍ട്ടി പ്രവര്‍ത്തകയായ നാല്‍പ്പത്തിയഞ്ചുകാരി ഗംഗാവതിയുടെ വയറ്റിലാണ് പൊലീസുകാര്‍ ചവിട്ടിയതെന്നും വിജയ് ആരോപിച്ചു. ഡിഎംകെയുടെ കയ്യിലെ പാവയാണ് പൊലീസെന്നും സ്ത്രീകളോടടക്കം അപമര്യാദയായി പെരുമാറിയ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ വ്യാസര്‍പാടിയിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി കുടിലുകള്‍ കത്തിനശിച്ചിരുന്നു. ഇവിടെനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ച സ്ഥലത്തേക്ക് സഹായവുമായി എത്തിയ ടിവികെ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ആരോപണമുയര്‍ന്നത്. പാര്‍ട്ടിയുടെ ജില്ലാ ഭാരവാഹിയായ ഗംഗാവതിയുടെ വയറ്റില്‍ ചവിട്ടുകയും തമിഴ് സെല്‍വി എന്ന പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്‌തെന്നാണ് ടിവികെയുടെ ആരോപണം. ഇരുവരെയും ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്നാണ് ഡിഎംകെയ്ക്കും സംസ്ഥാനത്തെ പൊലീസിനുമെതിരെ വിജയ് രംഗത്തെത്തിയത്.

അതേസമയം, പൊലീസ് നടപടിയെ ന്യായീകരിച്ച് ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് ടികെഎസ് ഇളങ്കോവന്‍ രംഗത്തെത്തി. 'സ്വയം ഒരു പൊളിറ്റിക്കല്‍ ഫിഗറാണെന്ന് കരുതി അവര്‍ നിയമങ്ങള്‍ ലംഘിച്ചിരിക്കാം. അതുകൊണ്ടാണ് പൊലീസിന് അവരെ അവിടെനിന്നും മാറ്റേണ്ടിവന്നത്. തീപ്പിടുത്തമൊക്കെയുണ്ടാകുന്ന ഇടങ്ങളില്‍ പൊലീസുകാര്‍ക്കും ഫയര്‍ഫോഴ്‌സിനും മാത്രമേ പോകാന്‍ അനുമതിയുളളു. മറ്റാര്‍ക്കും പ്രവേശനമില്ല. അവര്‍ അത് ലംഘിക്കുകയായിരുന്നു. ഡിഎംകെയുടെ പ്രതിച്ഛായ്ക്ക് കളങ്കമേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ആരോപണങ്ങള്‍ വിജയ് ഉന്നയിക്കുന്നത്'-എന്നാണ് ഇളങ്കോവന്‍ പറഞ്ഞത്.

Content Highlights: Vijay Criticize DMK Police action against tvk women workers in vyasarpadi

To advertise here,contact us