'കോണ്‍ഗ്രസുമായി ബന്ധം പുലര്‍ത്തി'; കര്‍ണാടകയില്‍ രണ്ട് എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി

2024 മാര്‍ച്ചില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ആയിരുന്നിട്ടും സോമശേഖര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന് ക്രോസ് വോട്ട് ചെയ്തിരുന്നു

ബെംഗളൂരു: കര്‍ണാടകയില്‍ അച്ചടക്ക ലംഘനം നടത്തിയതിന് രണ്ട് എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി. ശിവറാം ഹെബ്ബാര്‍, എസ് ടി സോമശേഖര്‍ എന്നീ എംഎല്‍എമാരെയാണ് പുറത്താക്കിയത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. ആറുവര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. രണ്ടുപേരും കോണ്‍ഗ്രസുമായി ബന്ധം പുലര്‍ത്തിയിരുന്നു. 2018-ല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയവരാണ് ഇരു നേതാക്കളും.

നിയമസഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച നിരവധി ബില്ലുകള്‍ ഇവര്‍ പിന്തുണച്ചിരുന്നു. ബിജെപി ബില്ലുകള്‍ക്കെതിരെ നിയമസഭയില്‍ നടത്തിയ പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കാനും ഇവര്‍ തയ്യാറായിരുന്നില്ല. പാര്‍ട്ടിയുടെ താക്കീത് അവഗണിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരിപാടികളിലും പങ്കെടുത്തു. ഇതോടെ ബിജെപി ഇവർക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നോട്ടീസിന് എംഎല്‍എമാർ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ കേന്ദ്ര അച്ചടക്ക സമിതിയുടെ നടപടി.

മുന്‍ ബിജെപി മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്നെങ്കിലും ഇരുവരും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിനുശേഷം പാര്‍ട്ടിയില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. 2019-ല്‍ 17 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ കൂറുമാറിയ 'ഓപ്പറേഷന്‍ ലോട്ടസ്' സമയത്താണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. 2024 മാര്‍ച്ചില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ആയിരുന്നിട്ടും സോമശേഖര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന് ക്രോസ് വോട്ട് ചെയ്തിരുന്നു. അന്ന് ശിവറാം ഹെബ്ബാര്‍ വോട്ടുചെയ്യുന്നതില്‍ നിന്ന് വിട്ടുനിന്നു.നിരവധി തവണ പാർട്ടി അച്ചടക്കലംഘനം നടത്തിയതോടെയാണ് ബിജെപി ഇരുവർക്കുമെതിരെ നടപടിയെടുത്തത്.

Content Highlights: Two BJP mla's expelled for repeated violations of party discipline in karnataka

To advertise here,contact us