പഞ്ചാബിലെ 'തർവാലി കോൺസ്റ്റബിൾ'; ആദ്യം ലഹരിക്കേസ്, ഇപ്പോൾ അനധികൃത സ്വത്ത് സമ്പാദനക്കേസ്, പൊലീസുകാരി അറസ്റ്റിൽ

പഞ്ചാബ് പൊലീസിലെ മുൻ കോൺസ്റ്റബിളും ഇൻസ്റ്റഗ്രാം താരവുമായ അമൻദീപ് കൗറിനെയാണ് പഞ്ചാബ് വിജിലൻസ് ബ്യൂറോ അറസ്റ്റ് ചെയ്തത്

ലുധിയാന: മയക്കുമരുന്ന് കേസിൽ പ്രതിയായ പൊലീസുകാരി അനധികൃത സ്വത്ത് സമ്പാദനക്കേസിലും അറസ്റ്റിൽ. പഞ്ചാബ് പൊലീസിലെ മുൻ കോൺസ്റ്റബിളും ഇൻസ്റ്റഗ്രാം താരവുമായ അമൻദീപ് കൗറിനെയാണ് പഞ്ചാബ് വിജിലൻസ് ബ്യൂറോ അറസ്റ്റ് ചെയ്തത്. ഇവരുടെ സ്വത്തുക്കൾ മരവിപ്പിച്ചു. അമൻദീപ് കൗറിന്റെ 1.35 കോടിയോളം രൂപ വിലവരുന്ന വസ്തുവകകൾ പഞ്ചാബ് വിജിലൻസ് കണ്ടുകെട്ടിയിട്ടുണ്ട്. ബത്തിൻഡയിലെ രണ്ടിടത്തായുള്ള ഭൂമിയും ഇതിൽ ഉൾപ്പെടും.

മഹീന്ദ്ര ഥാർ, റോയൽ എൻഫീൽഡ് ബൈക്ക് തുടങ്ങിയ വാഹനങ്ങളും രണ്ട് ഐഫോണുകളും റോളക്‌സ് വാച്ചും പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. 2018 നും 2025 നും ഇടയിൽ അവർ സമ്പാദിച്ച സ്ഥാവര, ജംഗമ സ്വത്തുക്കളുടെ വിശദാംശങ്ങളും ശമ്പളം, ബാങ്ക് അക്കൗണ്ടുകൾ, വായ്പ രേഖകൾ എന്നിവയും അന്വേഷണത്തിനിടെ പരിശോധിച്ചതായാണ് റിപ്പോർട്ടുകൾ.

സമൂഹമാധ്യമങ്ങളിൽ 'ഇൻസ്റ്റാഗ്രാം ക്വീൻ' എന്നറിയപ്പെടുന്ന ഇവരുടെ 'താർ വാലി കോൺസ്റ്റബിൾ' എന്ന അക്കൗണ്ടിൽ നിരവധി വീഡിയോകൾ പങ്കുവെച്ചിട്ടുണ്ട്. ഈ വർഷം ആദ്യം ഹെറോയിൻ കേസിൽ പിടിക്കപ്പെട്ടതിനെ തുടർന്നാണ് അമൻദീപ് വാർത്തകളിൽ ഇടം നേടിയത്. 2025 ഏപ്രിലിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം അറസ്റ്റിലായതിനെത്തുടർന്ന് ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ബത്തിൻഡയിലെ ബാദൽ ഫ്ലൈഓവറിന് സമീപം പതിവ് പരിശോധനയ്ക്കിടെ അവരുടെ ഥാർ എസ്‌യുവിയിൽ നിന്ന് 17.71 ഗ്രാം ഹെറോയിൻ പിടികൂടുകയായിരുന്നു. ലോക്കൽ പൊലീസിനൊപ്പം മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്‌സും ചേർന്നായിരുന്നു പരിശോധന നടത്തിയത്.

തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് വീഡിയോകൾ ഷൂട്ട് ചെയ്യുന്നതിനോ പങ്കിടുന്നതിനോ വിലക്കുണ്ട്. എന്നാലിവർ പൊലീസ് യൂണിഫോം ധരിച്ച് ഇൻസ്റ്റാഗ്രാമിൽ റീലുകൾ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു. പഞ്ചാബ് പൊലീസിന്റെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നതായിരുന്നു ഇത്. പൊലീസിനെ പരിഹസിക്കുന്ന പാട്ടുകൾ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോകളും ഇവർ പങ്കുവെച്ചിരുന്നു.

Content Highlights: Punjab Police’s former head constable Amandeep Kaur arrested in disproportionate assets case

To advertise here,contact us