ചെന്നൈ: മക്കള് നീതി മയ്യം നേതാവും നടനുമായ കമല് ഹാസന് രാജ്യസഭയിലേക്ക്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഡിഎംകെയുമായി ഇതുസംബന്ധിച്ച് ധാരണയായിരുന്നു. രാജ്യസഭയിലെ എട്ട് ഒഴിവുകളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. തമിഴ്നാട്ടിലെ ആറ് സീറ്റുകളിലേക്കും അസമില് നിന്നുളള രണ്ട് സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ജൂണ് 19-നാണ് തിരഞ്ഞെടുപ്പ്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില് നാലെണ്ണം ഡിഎംകെ നേതൃത്വം നല്കുന്ന മുന്നണിക്കായിരിക്കും. ഇതില് ഒരു സീറ്റിലേക്കാണ് കമല്ഹാസന് എത്തുകയെന്നാണ് വിവരം. സ്വന്തം രാഷ്ട്രീയപാര്ട്ടി രൂപീകരിച്ചതിനുശേഷമുളള കമല്ഹാസന്റെ കരിയറിലെ ഏറ്റവും വലിയ ചുവടുവയ്പ്പായിരിക്കും ഇത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കോയമ്പത്തൂരില് നിന്ന് മക്കള് നീതി മയ്യം സ്ഥാനാര്ത്ഥിയായി മത്സരിക്കാനിരുന്ന കമല് ഹാസന് പിന്നീട് തീരുമാനത്തില് നിന്ന് പിന്മാറിയിരുന്നു. തുടര്ന്ന് ഇന്ഡ്യാ മുന്നണിക്കായി തമിഴ്നാട്ടിലും പുതുച്ചേരിയിലും പ്രചാരണം നടത്തി. മത്സരത്തില് നിന്ന് പിന്മാറുന്നതിനായി 2025 ജൂണില് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില് ഒന്ന് കമല്ഹാസന്റെ പാര്ട്ടിക്ക് നല്കാമെന്ന് ധാരണയായിരുന്നു. ഫെബ്രുവരിയില് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് ഇതുസംബന്ധിച്ച മുന്നണിയുടെ തീരുമാനം കമല്ഹാസനെ നേരിട്ടെത്തി അറിയിക്കുകയും ചെയ്തിരുന്നു.
രാജ്യസഭാംഗങ്ങളായ അന്പുമണി രാമദാസ്, എന് ചന്ദ്രശേഖരന്, എം ഷണ്മുഖം, എം മുഹമ്മദ് അബ്ദുളള, വി വില്സണ്, വൈകോ എന്നിവരുടെ കാലാവധിയാണ് ജൂണില് അവസാനിക്കുന്നത്. ഡിഎംകെ മുന്നണിയില് രണ്ട് സീറ്റ് ഡിഎംകെയ്ക്കും ഓരോ സീറ്റ് വീതം എംഎന്എമ്മിനും എംഡിഎംകെയ്ക്കുമാണ് ലഭിക്കുക. 234 അംഗ തമിഴ്നാട് നിയമസഭയില് 34 വോട്ടുകളാണ് ഒരു രാജ്യസഭാംഗത്തിന് ജയിക്കാനായി വേണ്ടത്. ഇതുപ്രകാരം, 159 നിയമസഭാ സീറ്റുകളുളള ഡിഎംകെയ്ക്ക് നാല് അംഗങ്ങളെ വിജയിപ്പിക്കാനാകും. 62 അംഗങ്ങളുളള എഐഎഡിഎംകെ- എന്ഡിഎ സഖ്യത്തിന് രണ്ടുപേരെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാനും കഴിയും.
Content Highlights: Kamal Haasan all set to become rajyasabha member deal with dmk