ജീവിതം തകര്‍ക്കുകയാണോ?; ഓപ്പറേഷൻ സിന്ദൂറിനെതിരെ പോസ്റ്റിട്ട വിദ്യാർത്ഥിയെ വിട്ടയക്കണമെന്ന് ബോംബെ ഹെെക്കോടതി

മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി

മുബൈ: ഓപ്പറേഷൻ സിന്ദൂറിനെതിരെ പോസ്റ്റിട്ട വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത നടപടിയിൽ മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. 19 വയസ്സുള്ള രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ വിട്ടയക്കണമെന്ന ഹർജിയിൽ വാദം കേൾക്കവെയാണ് കോടതിയുടെ വിമർശനം. കേസുമായി ബന്ധപ്പെട്ട് കോളേജിൽ നിന്ന് പുറത്താക്കിയത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിദ്യാർത്ഥിനി ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയത്

ജസ്റ്റിസ് ഗൗരി ഗോഡ്‌സെ അധ്യക്ഷനായ ബെഞ്ചാണ് മഹാരാഷ്ട്ര സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തത്. വിദ്യാർത്ഥികൾ എന്തെങ്കിലും പ്രതികരിച്ചുവെന്നതിന്‍റെ പേരിൽ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഗൗരി ഗോഡ്‌സെ ചൂണ്ടികാട്ടി.

'എന്താണിത്? നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതം തകര്‍ക്കുകയല്ലേ? ഏത് തരം നടപടിയാണിത്? ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ വിദ്യാര്‍ത്ഥിയുടെ ജീവിതം തകര്‍ക്കുകയാണോ വേണ്ടത്? അപരിഷ്‌കൃതം. വിശദീകരണം ആവശ്യപ്പെട്ടിരുന്നോ?', കോടതി ചോദിച്ചു.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉദ്ദേശ്യം എന്താണ്? അക്കാദമിക് വിദ്യാഭ്യാസം ഉറപ്പ് നൽകുക എന്നത് മാത്രമാണോ? ഒരു വിദ്യാർത്ഥിയെ കുറ്റവാളി ആക്കുകയാണോ? ചെയ്ത തെറ്റിന് നടപടിയെടുക്കാവുന്നതാണ്. പക്ഷേ വിദ്യാർത്ഥിനിയെ പരീക്ഷ എഴുതുന്നതിൽ നിന്ന് തടയാൻ നിങ്ങൾക്ക് കഴിയില്ല. ബാക്കിയുള്ള മൂന്ന് പേപ്പറുകൾ എഴുതാൻ വിദ്യാർത്ഥിനിയെ അനുവദിക്കണം എന്നും കോടതി നിർദേശിച്ചു.

പൂനെയിലെ സിൻഘഡ് അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥിനിയെയാണ് ഓപ്പറേഷൻ സിന്ദൂറിനെതിരെ പോസ്റ്റിട്ടതിന് അറസ്റ്റ് ചെയ്തത്. നിലവിൽ പൂനെയിലെ യെർവാഡ സെൻട്രൽ ജയിലിലാണ് വിദ്യാർത്ഥിനി. സെമസ്റ്റർ പരീക്ഷകൾ നടക്കാനിരിക്കെയാണ് കേസ് പരിഗണിക്കുന്നത്. അതിനാൽ കേസിൽ അടിയന്തര വാദം കേൾക്കണമെന്ന് വിദ്യാർത്ഥിനിയുടെ അഭിഭാഷക ഫർഹാന ഷാ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നീരിക്ഷണത്തിൽ പരീക്ഷ എഴുതാമെന്നായിരുന്നു കോളേജ് അഭിഭാഷകന്റെ വാദം. ഈ വാദത്തെ എതിർത്ത കോടതി വിദ്യാർത്ഥിനി കുറ്റവാളിയല്ല എന്ന് അഭിഭാഷകനെ ഓർമിപ്പിച്ചു.

കേസ് ക്രിമിനൽ ഹർജിയായി മാറ്റാനോ പുതിയ ഹർജി സമർപ്പിക്കാനോ കോടതി അനുമതി നൽകിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുണ്ടായ ഓപ്പറേഷൻ സിന്ദൂറിനെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചു കൊണ്ടായിരുന്നു 19കാരിയുടെ സാമൂഹ മാധ്യമ പോസ്റ്റ്. മെയ് ഏഴിനാണ് വിദ്യാർത്ഥിനി പോസ്റ്റ് പങ്കുവെച്ചിരുന്നത്. പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ പോസ്റ്റ് ഡിലീറ്റ് ചെയ്തതായി ഹർജിയിൽ പറയുന്നു. പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് മെയ് ഒമ്പതിന് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Bombay HighCourt Orders Release Of Maharashtra Student Arrested Over Post On Operation Sindoor

To advertise here,contact us