ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ബാക്കി. തിരഞ്ഞെടുപ്പിൽ ഇത്തവണയും മേൽക്കൈ നേടുന്നതിന് ഭരണകക്ഷിയായ ഡിഎംകെ പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു. അതിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കാര്യപരിപാടികൾ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജൂൺ ഒന്നിന് മധുരയിൽ നടക്കുന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി റോഡ് ഷോയും വൻറാലിയും ഡിഎംകെ സംഘടിപ്പിക്കും. ഇതിനൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പാർട്ടിയുടെ താഴേത്തട്ടിലുള്ള ഭാരവാഹികൾ പങ്കെടുക്കുന്ന 1244 പൊതുയോഗങ്ങളിൽ സ്റ്റാലിൻ പ്രസംഗിക്കും.
2026-ലെ തിരഞ്ഞെടുപ്പിൽ 200 സീറ്റുനേടുകയെന്ന ലക്ഷ്യം നിറവേറ്റാനാണ് സ്റ്റാലിൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനംചെയ്യുന്നത്. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കൊണ്ടും വിവിധ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കൊണ്ടും ഡിഎംകെ മറ്റ്കക്ഷികളേക്കാൾ വ്യക്തമായ മേൽക്കൈ നേടിയിട്ടുണ്ട്.
മധുര-തിരുച്ചിറപ്പള്ളി ഹൈവേയിൽ 20 ഏക്കർ സ്ഥലത്തായിരിക്കും ഇത്തവണ ജനറൽ കൌൺസിൽ യോഗത്തിന് വേദിയൊരുങ്ങുക. 10,000 പേർക്ക് ഇരിക്കാവുന്ന സമ്മേളന വേദി ആയിരിക്കും തയ്യാറാക്കുക. ഇതിൽ തന്നെ 3000 പേരാണ് ഡിഎംകെ ജനറൽ കൗൺസിലിലുള്ളത്. ഇത് കൂടാതെ മറ്റ് മന്ത്രിമാരും എംപിമാരും എംഎൽഎമാരും പ്രത്യേകക്ഷണിതാക്കളും ചേരുമ്പോൾ യോഗത്തിനെത്തുന്നവരുടെ എണ്ണം വീണ്ടും കൂടും.
മന്ത്രിമാരായ പി.ടി.ആർ. പളനിവേൽ ത്യാഗരാജനും പി. മൂർത്തിയുമാണ് ഒരുക്കങ്ങൾക്ക് നേതൃത്വംനൽകുന്നത്. യോഗത്തിനായി മേയ് 31-നുതന്നെ സ്റ്റാലിൻ മധുരയിലെത്തും. ഇത്തവണത്തെ സ്റ്റേജ് ഒരുക്കങ്ങക്ക് പോലും പ്രത്യേകതകൾ നിറഞ്ഞിട്ടുണ്ട്. . പാർട്ടി ആസ്ഥാനമായ ‘അണ്ണ അറിവാലയ’ത്തിന്റെ മാതൃകയിലാണ് സ്റ്റേജ് ഒരുക്കുന്നത്.
Content Highlights:Tamil Nadu elections are just months away