'യുവതിയുമായി മര്യാദയില്ലാത്ത സാഹചര്യത്തിൽ കണ്ടു'; യുപി ബിജെപി നേതാവിനെതിരെ പരാതി, വിശദീകരണം ആവശ്യപ്പെട്ടു

കാറിലാണ് ഈ യുവതി പാർട്ടി ഓഫീസിലെത്തിയത്

ഗോണ്ട: യുവതിയുമായുളള വീഡിയോ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവിന് നോട്ടീസ്. ഉത്തർപ്രദേശിലെ ഗോണ്ടയിലെ ബിജെപി നേതാവായ അമർ കിഷോർ കശ്യപിനെതിനാണ് പാർട്ടി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

പാർട്ടിയിലെത്തന്നെ ഒരു പ്രവർത്തകനാണ് അമർ കിഷോർ കശ്യപിനെതിരെ പരാതി നൽകിയത്. വീഡിയോയിൽ അമർ പാർട്ടി ഓഫീസിലേക്ക് വന്ന ഒരു യുവതിയുടെ തോളിൽ കൈ വെക്കുന്നത് കാണാം. തുടർന്ന് മുകളിലേക്കുള്ള പടിക്കെട്ടുകൾക്ക് സമീപം നിന്ന് ഇരുവരും കെട്ടിപ്പിടിക്കുന്നുണ്ട്. തുടർന്ന് അമർ യുവതിയുമായി പടികൾ കയറിപ്പോകുകയാണ്. കാറിലാണ് ഈ യുവതി പാർട്ടി ഓഫീസിലെത്തിയത്.

പാർട്ടി ഓഫീസിൽ അനുവാദകരമല്ലാത്തതും, മര്യാദയില്ലാത്തതുമായ രീതിയിൽ പെരുമാറി എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അമറിന് നോട്ടീസ് നൽകിയിട്ടുള്ളത്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. പുറത്തുവന്ന ഈ ദൃശ്യം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്നും കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.

സംഭവത്തിൽ അമർ കിഷോർ കശ്യപിന്റെ വിശദീകരണവും വന്നിട്ടുണ്ട്. യുവതി പാർട്ടിയുടെ സജീവ പ്രവർത്തകയാണ് എന്നും വയ്യ എന്ന് പറഞ്ഞ് തന്നെ സമീപിച്ചപ്പോൾ വിശ്രമിക്കാൻ സ്ഥലം നൽകിയതാണ് എന്നുമാണ് അമറിന്റെ വിശദീകരണം. ഇതിനിടെ തലകറക്കം അനുഭവപ്പെട്ടപ്പോൾ യുവതിയെ താൻ കൈപിടിച്ച് സഹായിച്ചെന്നും ഈ ദൃശ്യങ്ങൾ തന്നെ മനഃപൂർവം അപമാനിക്കാനായി ഉപയോഗിക്കുകയാണ് എന്നും അമർ പറഞ്ഞു.

Content Highlights: Notice to Uttar Pradesh BJP leader who was seen acting not normal with a women at party office

To advertise here,contact us