ട്രംപിന്റെ പേരിലും തട്ടിപ്പ്; കര്‍ണാടകയില്‍ ഒരുകോടി രൂപ തട്ടി

വീഡിയോ വിശ്വസിച്ച് നിരവധിപേര്‍ ഈ മാര്‍ക്കറ്റിംഗ് കമ്പനികളില്‍ നിക്ഷേപം നടത്തി തട്ടിപ്പിനിരകളാവുകയായിരുന്നു

ബെംഗളൂരു: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരില്‍ കര്‍ണാടകയില്‍ തട്ടിപ്പ്. സംസ്ഥാനത്തുടനീളം 150 പേരില്‍ നിന്നായി ഒരുകോടിയിലധികം രൂപയാണ് തട്ടിയത്. തട്ടിപ്പിനിരയായവർ പൊലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തായത്. ട്രംപിന്റെ പേരിലുളള ആപ്പ് ഉപയോഗിച്ച് ബെംഗളൂരു, തുംകുരു, മംഗളുരു, ഹവേരി എന്നിവിടങ്ങളിലെ ആളുകളെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്.

തട്ടിപ്പുകാര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. ചില മാര്‍ക്കറ്റിംഗ് കമ്പനികള്‍ സുരക്ഷിതമാണ് എന്ന് ട്രംപ് പറയുന്ന വീഡിയോകളാണ് ഇവര്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് ഈ വീഡിയോകള്‍ കാണിച്ച് കമ്പനികളുടെ വിശ്വാസ്യത ഉറപ്പിച്ചു. വീഡിയോ വിശ്വസിച്ച് നിരവധിപേര്‍ ഈ മാര്‍ക്കറ്റിംഗ് കമ്പനികളില്‍ നിക്ഷേപം നടത്തി തട്ടിപ്പിനിരകളാവുകയായിരുന്നു.

വന്‍ റിട്ടേണ്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പുസംഘം നിക്ഷേപകരില്‍ നിന്ന് പണം വാങ്ങിയതെന്ന് ഹവേരി സൈബര്‍ ക്രൈം എക്കണോമിക്‌സ് ആന്‍ഡ് നാര്‍ക്കോടിക്‌സ് ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍ ആര്‍ ഗാനചാരി പറഞ്ഞു. ട്രംപ് ഹോട്ടല്‍ റെന്റല്‍ എന്നാണ് തട്ടിപ്പുസംഘം നിര്‍മ്മിച്ച ആപ്പുകളില്‍ ഒന്നിന്റെ പേര്. ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിക്ഷേപം ഇരട്ടിയാകുമെന്നായിരുന്നു സംഘം നല്‍കിയ വാഗ്ദാനങ്ങളിലൊന്ന്. നിക്ഷേപത്തിന് വന്‍ റിട്ടേണ്‍ വാഗ്ദാനം ചെയ്തതിനു പുറമേ വര്‍ക്ക് ഫ്രം ഹോമിലൂടെ പണം നേടാമെന്ന് പറഞ്ഞും തട്ടിപ്പുകാര്‍ പണം തട്ടിയെടുത്തിരുന്നു.

Content Highlights: Scam using donald trump name, 150 lost money in karnataka

To advertise here,contact us