ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണു; വികസനം നിറഞ്ഞൊഴുകുന്നുവെന്ന് കോണ്‍ഗ്രസ്

'ഒരു ചാറ്റല്‍മഴയുണ്ടായതോടെ ഡല്‍ഹി വിമാനത്താവളത്തില്‍ വികസനം നിറഞ്ഞൊഴുകുകയാണ്'എന്നാണ് വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് കുറിച്ചത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയിലും കാറ്റിലും രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. ടെര്‍മിനല്‍ ഒന്നിലെ വിമാനത്താവളത്തിന് പുറത്തുളള ഓവര്‍ഹാങ്ങിന്റെ ഒരുഭാഗമാണ് പൊട്ടിവീണ് നടപ്പാതയിലേക്ക് ഒലിച്ചുപോയത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയും ഇടിമിന്നലും മൂലം 17 രാജ്യാന്തര വിമാനങ്ങള്‍ ഉള്‍പ്പെടെ 49 വിമാനങ്ങളാണ് വഴിതിരിച്ച് വിട്ടത്.

കനത്ത മഴ മൂലമാണ് മേല്‍ക്കൂര തകര്‍ന്നുവീഴുന്ന സാഹചര്യമുണ്ടായതെന്നും മറ്റ് ഭാഗങ്ങളെയൊന്നും അപകടം ബാധിച്ചിട്ടില്ലെന്നും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ഡിഐഎഎല്‍) പ്രതികരിച്ചു. 'മെയ് 24-ന് രാത്രി ഡല്‍ഹിയില്‍ ശക്തമായ ഇടിമിന്നലോടു കൂടി കനത്ത മഴയാണ് പെയ്തത്. പുലര്‍ച്ചെ രണ്ടുമണിയോടെ ആരംഭിച്ച മഴയില്‍ 45 മിനിറ്റിനുളളില്‍ 80 മില്ലീമിറ്ററിലധികം മഴയാണ് ലഭിച്ചത്. മണിക്കൂറില്‍ 70-80 വേഗതയില്‍ കാറ്റും വീശി. പെട്ടെന്നുണ്ടായ മഴ വിമാനത്താവളത്തിലും പരിസരത്തും വെളളം കെട്ടിക്കിടക്കാന്‍ കാരണമായി. ഇത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ഭാഗികമായി ബാധിച്ചു'- ഡല്‍ഹി വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Vikas overflows in Delhi Airport after a drizzle. pic.twitter.com/BP7bA5QaGV

അതേസമയം, സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മേല്‍ക്കൂരയുടെ ഭാഗം പൊട്ടിവീഴുന്ന വീഡിയോ കോണ്‍ഗ്രസിന്റെ കേരളാ വിഭാഗമാണ് എക്‌സില്‍ പങ്കുവെച്ചത്. 'ഒരു ചാറ്റല്‍മഴയുണ്ടായതോടെ ഡല്‍ഹി വിമാനത്താവളത്തില്‍ വികസനം നിറഞ്ഞൊഴുകുകയാണ്'എന്നാണ് വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് കുറിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ കനത്ത മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന്റെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണ് ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് നരേന്ദ്രമോദി സര്‍ക്കാരിന്റെ അഴിമതിയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

Content Highlights: Delhi airport canopy collapses after heavy rain, congress says vikas overflowing

To advertise here,contact us