ന്യൂഡല്ഹി: രാജസ്ഥാനിലെ കോട്ടയിലെ കോച്ചിങ് കേന്ദ്രങ്ങളിലും പ്രൊഫഷണല് കോളേജുകളിലും വര്ധിച്ചുവരുന്ന വിദ്യാര്ത്ഥികളുടെ ആത്മഹത്യയില് സംസ്ഥാന സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് സുപ്രീം കോടതി. ഈ വര്ഷം മാത്രം 14 വിദ്യാര്ത്ഥികള് ആത്മഹത്യ ചെയ്ത സംഭവത്തെ ചൂണ്ടിക്കാട്ടി ഈ പ്രതിസന്ധികളെ എത്ര ഗൗരവമായാണ് സംസ്ഥാനം കാണുന്നതെന്ന് കോടതി ചോദിച്ചു.
'ഒരു സംസ്ഥാനമെന്ന നിലയില് എന്താണ് നിങ്ങള് ചെയ്യുന്നത്? എന്തുകൊണ്ടാണ് ഈ കുട്ടികള് ആത്മഹത്യ ചെയ്യുന്നത്? കോട്ടയില് മാത്രം എന്തുകൊണ്ട് ആത്മഹത്യ പെരുകുന്നു? സംസ്ഥാനമെന്ന നിലയില് ഒരു നിമിഷമെങ്കിലും നിങ്ങള് ചിന്തിച്ചിട്ടുണ്ടോ?', കോടതി ചോദിച്ചു. മെയ് നാലിന് ഐഐടി ഖരഗ്പൂരിലെ 22 വയസുള്ള എഞ്ചിനീയറിങ് വിദ്യാര്ത്ഥി ആത്മഹത്യ ചെയ്ത കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ രൂക്ഷവിമര്ശനം. ജെ ബി പര്ദ്ദിവാല, ആര് മഹാദേവന് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഈ കേസില് മെയ് എട്ടിനായിരുന്നു എഫ്ഐആര് ഫയല് ചെയ്തത്. എഫ്ഐആര് വൈകിപ്പിച്ചതിനെയും കോടതി ചോദ്യം ചെയ്തു. എന്നാല് ആത്മഹത്യാകേസുകളെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ടെന്ന് രാജസ്ഥാന് സര്ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഐഐടി ഖരഗ്പൂരിന്റെയും പൊലീസിന്റെയും വാദം തൃപ്തമാകാത്ത കോടതി ഒരു പൊലീസ് ഉദ്യോഗസ്ഥനോട് ജൂലൈ 14ന് കോടതിയില് ഹാജരാകാന് ആവശ്യപ്പെട്ടിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: Supreme Court criticize Rajasthan Government over Kota death cases