അമിത് ഷായ്‌ക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ജാർഖണ്ഡ് കോടതി

2018ലായിരുന്നു കേസിനാസ്പദമായ പ്രസംഗം നടന്നത്

റാഞ്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി. ജാർഖണ്ഡിലെ എംപി- എംഎൽഎ കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് പ്രകാരം ജൂൺ 26ന് മുൻപായി രാഹുൽ നേരിട്ട് കോടതിയിൽ ഹാജരാകണം.

ഹാജരാകേണ്ട തീയതിയിൽ ഇളവ് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിധി. ബിജെപി നേതാവായ പ്രതാപ് കാട്ടിയാർ ആണ് അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശത്തിന്മേൽ രാഹുലിനെതിരെ പരാതി നൽകിയത്.

2018ലായിരുന്നു കേസിനാസ്പദമായ പ്രസംഗം. കൊലപാതകക്കേസ് ഉള്ളവർക്കും ബിജെപി പ്രസിഡന്റുമാരാകാം എന്നായിരുന്നു രാഹുലിന്റെ പരാമർശം. അമിത് ഷായെ ഉദ്ദേശിച്ചുകൊണ്ടാണ് രാഹുൽ ഈ പരാമർശം നടത്തിയത്. പരാമർശം ബിജെപി പ്രവർത്തകരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതാപ് കാട്ടിയാർ കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്ന് ജാർഖണ്ഡ് ചൈബാസയിലെ എംപി-എംഎൽഎ കോടതിയിലെത്തിയ കേസിൽ രാഹുലിന് നിരന്തരം സമൻസ് അയച്ചിരുന്നു. എന്നാൽ രാഹുൽ കോടതിയിലെത്താൻ തയ്യാറായിരുന്നില്ല. തുടർന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. രാഹുൽ ഇതിനെതിരെ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹർജി തള്ളുകയായിരുന്നു. തുടർന്ന് കോടതിയിൽ നേരിട്ടെത്തുന്നതിൽ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

Content Highlights: non-bailable warrant issued in defamation case against rahul gandhi

To advertise here,contact us