മുംബൈ: മഹാരാഷ്ട്രയിയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ. പൂനെ, സോളാപൂർ, സാംഗ്ലി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് സഹപാഠികളും വിദ്യാർത്ഥിയുടെ സുഹൃത്തുമാണ് അറസ്റ്റിലായത്. പ്രതികളെ മെയ് 27 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായും പൊലീസ് അറിയിച്ചു.
മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം.മെയ് 18 ന് രാത്രി തിയേറ്ററിൽ സിനിമ കാണാൻ പോയപ്പോഴാണ് 22 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചത്. അതിനുമുമ്പ് പ്രതികൾ വിദ്യാർത്ഥിനിയെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയതായും പൊലീസ് പറഞ്ഞു.20 നും 22 നും ഇടയിൽ പ്രായമുള്ള മൂവരും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിനെക്കുറിച്ച് പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി.
കർണാടകയിലെ ബെലഗാവി സ്വദേശിയായ പെൺകുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് അവർ വിശ്രാംബാഗ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.മദ്യലഹരിയിലായിരുന്ന പ്രതികൾ അവൾക്ക് മദ്യം ചേർത്ത പാനീയം നൽകിയെന്നും അത് കൂടിച്ചതിന് ശേഷം അവൾക്ക് തലകറക്കം അനുഭവപ്പെട്ടുവെന്നും അതിജീവിത പൊലീസിനോട് പറഞ്ഞു.അതിജീവിതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Content Highlight: Maharashtra MBBS Student Drugged, Gang-Raped, Classmates Among 3 Arrested