ജാമ്യത്തിന് കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ക്ലാർക്കിനെതിരെ കേസ്; ജഡ്ജിക്ക് സ്ഥലംമാറ്റം

ജി എസ് ടി തട്ടിപ്പ് കേസിലെ പ്രതികളോട് ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി

ന്യൂ ഡൽഹി: ജാമ്യം ലഭിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ കോടതി ക്ലർക്കിനെതിരെ അന്വേഷണം. ദില്ലി റൌസ് അവന്യൂ കോടതിയിലെ ക്ലർക്കിനെതിരെയാണ് അന്വേഷണം.

ജി എസ് ടി തട്ടിപ്പ് കേസിലെ പ്രതികളോട് ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. സംഭവത്തിൽ കോടതിയിലെ ജഡ്ജിക്കെതിരെയും ആരോപണമുണ്ട്. ജഡ്ജിക്ക് വേണ്ടിയാണ് ക്ലാർക്ക് കൈക്കൂലി വാങ്ങിയത് എന്നാണ് നിഗമനം. എന്നാൽ ജഡ്ജിക്കെതിരെ അന്വേഷണം നടത്താനുള്ള നീക്കം മതിയായ തെളിവുകളില്ല എന്ന കണ്ടെത്തലിന്മേൽ ഹൈക്കോടതി തടഞ്ഞു. ഇതിനാലാണ് ക്ലാർക്കിനെ മാത്രം പ്രതിയാക്കി നിലവിൽ കേസെടുത്തിട്ടുള്ളത്. ഇയാൾക്കെതിരെ ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷണം തുടങ്ങി.

നിലവിൽ ജഡ്ജിയെ ദില്ലി റൗസ് അവന്യു കോടതിയിൽ നിന്നും സ്ഥലംമാറ്റിയിട്ടുണ്ട്. എന്നാൽ അന്വേഷണ കാലഘട്ടത്തിൽ മതിയായ തെളിവുകൾ ലഭിച്ചാൽ ജഡ്ജിക്കെതിരെ അന്വേഷണം നടത്താനുള്ള അനുമതിക്കായി അന്വേഷണസംഘത്തിന് തങ്ങളെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മെയ് 16നാണ് ആന്റി കറപ്‌ഷൻ ബ്യുറോ ക്ലാർക്കിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജിഎസ്ടി തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രസൂൺ വസിഷ്‌ഠ, ബബിത ശർമ എന്നിവരാണ് വിഷയത്തിൽ ആദ്യം പരാതി നൽകിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബബിത ശർമയ്ക്ക് ജാമ്യം വാങ്ങിനൽകാമെന്ന വാഗ്ദാനവുമായി ചില കോടതി ഉദ്യോഗസ്ഥർ പ്രസൂൺ വശിഷ്‌തയെ കാണാനെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിക്കും ജാമ്യം വാങ്ങിനൽകാമെന്ന് ഇവർ പറഞ്ഞിരുന്നു.

85 ലക്ഷം രൂപയും 1 കോടി രൂപയുമാണ് ജാമ്യത്തിനായി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. പറ്റില്ല എന്ന് പ്രസൂൺ തീർത്തുപറഞ്ഞതോടെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരിക്കുകയും ഒടുവിൽ നിരസിക്കുകയുമായിരുന്നു. പണം നൽകിയില്ലെങ്കിൽ പ്രതികളെ കോടതിയിൽ മണിക്കൂറുകളോളം കാത്തിരിപ്പിക്കുയാണ് അവസ്ഥയിൽ എത്തിക്കുമെന്നും ജഡ്ജി പറഞ്ഞിരുന്നതായി പ്രസൂൺ പറയുന്നു.

കേസെടുത്ത കോടതി ക്ലാർക്കിനെതിരെ മറ്റൊരാളും പരാതിയുമായി രംഗത്തെത്തിയിരുന്നു. ജിഎസ്ടി കേസിൽ നിന്ന് ജാമ്യം വാങ്ങിനൽകാമെന്ന് പറഞ്ഞ് ക്ളർക് തന്നെ വിളിച്ചിരുന്നതായി ചൂണ്ടിക്കാട്ടി വികേഷ് കുമാർ ബൻസാൽ എന്നയാളും പരാതി നൽകിയിരുന്നു. തെളിവായ ശബ്ദസന്ദേശവും ഇയാൾ ഹാജരാക്കിയിരുന്നു.

Content Highlights: Bribe allegation against court clerk and judge

To advertise here,contact us