ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാനിലെ വൈകാരിക പ്രസംഗത്തിന് മറുപടിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. എന്തുകൊണ്ടാണ് ക്യാമറകള് ഓണായിരിക്കുമ്പോള് മാത്രം നരേന്ദ്രമോദിക്ക് രക്തം തിളയ്ക്കുന്നതെന്ന് രാഹുല് ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രി രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടംവരുത്തിയെന്നും അദ്ദേഹം പൊളളയായ പ്രസംഗങ്ങള് അവസാനിപ്പിക്കണമെന്നും രാഹുല് ഗാന്ധി പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മോദിജീ, പൊളളയായ പ്രസംഗങ്ങള് അവസാനിപ്പിക്കൂ, തീവ്രവാദത്തെക്കുറിച്ചുളള പാകിസ്താന്റെ പ്രസ്താവന എന്തിനാണ് വിശ്വസിച്ചതെന്ന് ഞങ്ങളോട് പറയൂ. അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനു മുന്നില് തലകുനിച്ചുകൊണ്ട് നിങ്ങള് രാജ്യതാല്പ്പര്യം ബലികഴിച്ചത് എന്തിനാണ്? ക്യാമറകള്ക്കു മുന്നില് മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത് എന്തുകൊണ്ടാണ്? താങ്കള് രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടംവരുത്തി'- രാഹുല് എക്സില് കുറിച്ചു.
मोदी जी, खोखले भाषण देना बंद कीजिए।सिर्फ इतना बताइए:1. आतंकवाद पर आपने पाकिस्तान की बात पर भरोसा क्यों किया?2. ट्रंप के सामने झुककर आपने भारत के हितों की कुर्बानी क्यों दी?3. आपका ख़ून सिर्फ़ कैमरों के सामने ही क्यों गरम होता है?आपने भारत के सम्मान से समझौता कर लिया! pic.twitter.com/HhjqbjDsaB
നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ നേരത്തെ എഐസിസി ജനറല് സെക്രട്ടറി ജയ്റാം രമേശും രംഗത്തെത്തിയിരുന്നു. പൊതുറാലികളില് സിനിമാ ഡയലോഗുകള് പറയുന്നതിനു പകരം പ്രധാനമന്ത്രി അദ്ദേഹത്തോട് ചോദിക്കുന്ന ഗൗരവമേറിയ ചോദ്യങ്ങള്ക്കുളള ഉത്തരം നല്കുകയാണ് ചെയ്യേണ്ടതെന്ന് ജയ്റാം രമേശ് പറഞ്ഞു. 'പഹല്ഗാമില് ആക്രമണം നടത്തിയ ഭീകരര് ഇപ്പോഴും സ്വതന്ത്രരായി തുടരുന്നത് എന്തുകൊണ്ടാണ്? കഴിഞ്ഞ 18 മാസത്തിനിടെ പൂഞ്ച്, ഗഗാംഗീര്, ഗുല്മാര്ഗ് എന്നിവിടങ്ങളില് നടന്ന മൂന്ന് ഭീകരാക്രമണങ്ങള്ക്ക് അവര് ഉത്തരവാദികളായിരുന്നുവെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്ട്ടുകള്. എന്തുകൊണ്ടാണ് താങ്കള് ഒരു സര്വ്വകക്ഷിയോഗത്തിലും പങ്കെടുക്കാത്തതും പ്രതിപക്ഷ പാര്ട്ടികളെ വിശ്വാസത്തിലെടുക്കാത്തതും. ഉത്തരം നല്കൂ'-എന്നാണ് ജയ്റാം രമേശ് പറഞ്ഞത്.
ഇന്ത്യക്കാരുടെ രക്തംകൊണ്ട് കളിച്ചാല് പാകിസ്താന് വലിയ വില കൊടുക്കേണ്ടിവരുമെന്നും സിന്ദൂരം വെടിമരുന്നാകുമ്പോള് എന്ത് സംഭവിക്കുമെന്ന് ഇന്ത്യയുടെ ശത്രുക്കളും ലോകരാജ്യങ്ങളും ഇതിനോടകം കണ്ടുവെന്നുമാണ് രാജസ്ഥാനില് പ്രധാനമന്ത്രി പറഞ്ഞത്. 'മോദിയുടെ സിരകളിലൂടെ ഒഴുകുന്നത് രക്തം മാത്രമല്ല, ചൂടുളള സിന്ദൂരവും കൂടിയാണ്. സിന്ദൂരം മായ്ച്ചുകളയാന് ഇറങ്ങിത്തിരിച്ചവര് തുടച്ചുനീക്കപ്പെട്ടു. ഹിന്ദുസ്ഥാനില് ചൊരിഞ്ഞ ഓരോ തുളളി രക്തത്തിനും അവര് വലിയ വില നല്കേണ്ടിവന്നു. ഇന്ത്യക്കാരുടെ രക്തംകൊണ്ട് കളിച്ചാല് പാകിസ്താന് വലിയ വില നല്കേണ്ടിവരും. ഈ ദൃഢനിശ്ചയത്തില് നിന്നും ലോകത്തിലെ ഒരു ശക്തിക്കും നമ്മെ പിന്തിരിപ്പിക്കാനാവില്ല'- നരേന്ദ്രമോദി പറഞ്ഞു.
Content Highlights: Why does your blood boil only in front of the cameras? Rahul Gandhi asks Narendra Modi