ബെംഗളൂരു∙ ‘മൈസൂർ സാൻഡൽ’ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിച്ചതിൽ കർണാടകയിൽ പ്രതിഷേധം ഉയരുന്നു. കന്നഡ രക്ഷണ വേദികെ (കെആർവി) എന്ന സംഘടന മൈസൂർ സാൻഡൽ സോപ്പ് നിർമാണ കമ്പനി ഉപരോധിച്ചു. സർക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കില്ലെന്ന് കെആർവി അറിയിച്ചു. തമന്നയെക്കാൾ വലിയ താരങ്ങൾ കർണാടകയിലുണ്ട്. അതിനാൽ സർക്കാർ ഈ തീരുമാനം തിരുത്തണമെന്നും കെആർവി ആവശ്യപ്പെട്ടു. ഉപരോധം നടത്തിയ കെആർവി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
ഈ അടുത്താണ് മൈസൂർ സാൻഡൽ സോപ്പിന്റെ അംബാസഡറായി തമന്നയെ നിയമിക്കുന്നത്. രണ്ട് വർഷത്തേക്ക് 6.20 കോടി രൂപയുടെ കരാറാണ് തമന്നയുമായി സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്. പിന്നാലെ ഇതിനെതിരെ വലിയ തോതിൽ വിമർശനം ഉയരുകയുമുണ്ടായി. കന്നഡ നടിമാരുള്ളപ്പോള് പുറത്ത് നിന്നൊരാള് എന്തിന് എന്നാണ് ചോദ്യം ഉയരുന്നത്. സോഷ്യൽ മീഡിയയിലൂടെ നിരവധിപ്പേർ കർണാടക സർക്കാറിന്റെ നടപടിയിൽ അതൃപ്തി അറിയിക്കുന്നുണ്ട്. പ്രാദേശിക കലാകാരന്മാരെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കാത്തതിനും സർക്കാരിനെ പലരും വിമർശിക്കുന്നുണ്ട്.
അതിനിടയിൽ ഈ തീരുമാനത്തെ ന്യായീകരിച്ച് വാണിജ്യ, വ്യവസായ, അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രി എം ബി പാട്ടീല് രംഗത്തെത്തിയിട്ടുണ്ട്. കർണാടകയ്ക്ക് പുറത്തുള്ള വിപണികളിൽ മൈസൂർ സാൻഡൽ സോപ്പ് എത്തിക്കുന്നതിന് വേണ്ടിയാണ്
തമന്നയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിപണന വിദഗ്ദ്ധരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും 2028 ആകുമ്പോഴേക്കും വാര്ഷിക വരുമാനം 5000 കോടിയായി ഉയര്ത്തണമെന്നും മന്ത്രി പറഞ്ഞു.
1916 മുതൽ നിർമ്മിക്കപ്പെടുന്ന ബ്രാൻഡാണ് മൈസൂർ സാൻഡൽ സോപ്പ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൈസൂർ രാജാവായിരുന്ന കൃഷ്ണരാജ വൊഡയാർ നാലാമനാണ് ബെംഗളൂരുവിൽ സോപ്പ് ഫാക്ടറി സ്ഥാപിച്ചത്. നിലവിൽ കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെഎസ്ഡിഎൽ) ആണ് മൈസൂർ സാൻഡൽ സോപ്പ് നിർമ്മിക്കുന്നത്.
Content Highlights: Karnataka Rakshana Vedike against making Tamannaah as brand ambassador for sandal soap