ന്യൂഡല്ഹി: നാഷണല് ഹെറാള്ഡ് കേസില് കോണ്ഗ്രസിനുമേല് പിടിമുറുക്കാനൊരുങ്ങി എന്ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി). തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കര്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇ ഡിയുടെ അന്വേഷണ പരിധിയില്. രേവന്ത് റെഡ്ഡിയും ഡി കെ ശിവകുമാറും യങ് ഇന്ത്യ ലിമിറ്റഡിന് തുക നല്കിയെന്നാണ് ഇ ഡിയുടെ കണ്ടെത്തല്. ഡി കെ ശിവകുമാര് 25 ലക്ഷം രൂപ നേരിട്ടും 2 കോടി ട്രസ്റ്റ് വഴിയും നല്കി. രേവന്ത് റെഡ്ഡി നിരവധി ആളുകളോട് യങ് ഇന്ത്യയ്ക്ക് സംഭാവന നല്കാന് ആവശ്യപ്പെട്ടു. 80 ലക്ഷം രൂപ രേവന്ത് റെഡ്ഡി വഴി യങ് ഇന്ത്യ ലിമിറ്റഡിലെത്തി എന്നാണ് ഇ ഡിയുടെ കണ്ടെത്തല്. ഈ തുകകള് 2022-ല് യങ് ഇന്ത്യാ ലിമിറ്റഡിന്റെ അക്കൗണ്ടിലെത്തിയെന്നാണ് ഇ ഡി പറയുന്നത്. തുക എങ്ങനെ ചെലവാക്കിയെന്നതില് വ്യക്തത ഇല്ലെന്നും ഇ ഡി പറയുന്നു.
നാഷണല് ഹെറാള്ഡ് കള്ളപ്പണ ഇടപാട് കേസില് കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല് ഗാന്ധിക്കുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഡൽഹിയിലെ പിഎംഎല്എ പ്രത്യേക കോടതിയില് ഇ ഡി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കാനായാണ് കോണ്ഗ്രസ് നേതാക്കള് യങ്ങ് ഇന്ത്യയെന്ന കമ്പനിയുണ്ടാക്കിയത്. യങ്ങ് ഇന്ത്യയ്ക്ക് ബിസിനസ് സംബന്ധമായ പ്രവര്ത്തനങ്ങളില്ല. ക്രമക്കേടിലൂടെ നേടിയ സ്വത്ത് കോണ്ഗ്രസ് നേതാക്കള് സ്വീകരിച്ചു. യങ്ങ് ഇന്ത്യയുടെ ഓഹരിയും സ്വത്തും വാടക വരുമാനവും കുറ്റകൃത്യത്തിന്റെ ഭാഗമെന്നും ഇ ഡി കോടതിയിൽ വ്യക്തമാക്കി. കെട്ടിട വാടക ഇനത്തിലും കോണ്ഗ്രസ് നേതാക്കള്ക്ക് കള്ളപ്പണ ഇടപാടുണ്ട്. അസോസിയേറ്റ് ജേര്ണലും യങ്ങ് ഇന്ത്യയും കോണ്ഗ്രസും ചേര്ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി. കോണ്ഗ്രസിന് സംഭാവന നല്കിയവര് വഞ്ചിക്കപ്പെട്ടുവെന്നും ഇ ഡി കോടതിയെ അറിയിച്ചു.
ജവഹര്ലാല് നെഹ്റു 1937 ല് സ്ഥാപിച്ച നാഷണല് ഹെറാള്ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില് സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2014ല് ഡല്ഹി ഹൈക്കോടതിയില് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി സമര്പ്പിച്ച ഹര്ജിയില് നിന്നാണ് 2021 ല് ഇ ഡി അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുല് ഗാന്ധി, മറ്റ് മുതിര്ന്ന കോണ്ഗ്രസ് നേതാക്കള് എന്നിവര് ചേര്ന്ന് യങ് ഇന്ത്യ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്സ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള് വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയിലെ ആരോപണം.
Content Highlights:ED names revanth reddy and dk shivakumar in national herald case