'ഭാഷ അസംബന്ധം, ഓഫീസ് പൂനെയിലേയ്ക്ക് മാറ്റും'; പ്രതികരണവുമായി ബെംഗളൂരു ആസ്ഥാനമാക്കിയുള്ള ടെക് കമ്പനി ഉടമ

ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ പങ്കുവെച്ച പോസ്റ്റിനുള്ള മറുപടിയായാണ് കൗശിക് മുഖർജിയുടെ പ്രതികരണം

ബെംഗളൂരു: തന്റെ കമ്പനിയുടെ ഓഫീസ് ആറ് മാസത്തിനുള്ളിൽ പൂനെയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ടെക് കമ്പനി സ്ഥാപകൻ. എക്സ് കുറിപ്പിലൂടെയായിരുന്നു ഭാഷയുമായി ബന്ധപ്പെട്ട അസംബന്ധം കാരണം ബെംഗളൂരുവിൽ നിന്നും കമ്പനിയുടെ ആസ്ഥാനം മാറ്റാൻ തീരുമാനിച്ചതായി സംരംഭകൻ അറിയിച്ചത്. 'ഈ ഭാഷാ അസംബന്ധം തുടരുമെങ്കിൽ, കന്നഡ സംസാരിക്കാത്ത എന്റെ ജീവനക്കാർ അടുത്ത 'ഇര'യാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല', എന്നായിരുന്നു സംരംഭകനായ കൗശിക് മുഖർജി എക്‌സിൽ കുറിച്ചത്. തൻ്റെ ജീവനക്കാർ ഉന്നയിച്ച ആശങ്കകളിൽ നിന്നാണ് ഈ തീരുമാനം കൈകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ കാഴ്ചപ്പാടിനോട് താൻ യോജിക്കുന്നുവെന്നും കൗശിക് മുഖർജി കൂട്ടിച്ചേർത്തു.

ബെംഗളൂരുവിലെ ചന്ദപുരയിലെ ഒരു എസ്‌ബി‌ഐ ശാഖയിൽ അടുത്തിടെ ഒരു മാനേജർ ഒരു ഉപഭോക്താവിനോട് കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ചിരുന്നു. 'ഇത് ഇന്ത്യയാണ്, ഞാൻ കന്നഡയല്ല, ഹിന്ദി സംസാരിക്കും' എന്ന് മാനേജർ പറയുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ കർണാടകയിലെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ മാനേജറായ യുവതിക്കെതിരെ രംഗത്ത് വന്നിരുന്നു. പിന്നാലെ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ വീഡിയോ പങ്കുവെച്ച് മാനേജരുടെ പെരുമാറ്റം "സ്വീകാര്യമല്ല" എന്ന് വിശേഷിപ്പിച്ചതിനുള്ള പ്രതികരണമെന്ന നിലയിലായിരുന്നു കൗശിക് മുഖർജി തൻ്റെ സ്ഥാപനം പൂനെയിലേയ്ക്ക് മാറ്റുമെന്ന് വ്യക്തമാക്കിയത്. കർണാടകയിൽ, പ്രത്യേകിച്ച് ബാങ്കിംഗ് പോലുള്ള ഒരു മേഖലയിൽ ഉപഭോക്തൃ ഇന്റർഫേസ് ജോലികൾ ചെയ്യുകയാണെങ്കിൽ, ഉപഭോക്താക്കളുമായി അവർക്ക് അറിയാവുന്ന ഭാഷയിൽ ആശയവിനിമയം നടത്തേണ്ടത് പ്രധാനമാണെന്നായിരുന്നു തേജസ്വി സൂര്യ അഭിപ്രായപ്പെട്ടത്.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എസ്‌ബി‌ഐ മാനേജർക്കെതിരെ രംഗത്ത് വന്നിരുന്നു. മാനേജരുടെ പെരുമാറ്റം അപലപനീയമാണെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. ഇതിന് പിന്നാലെ മാനേജരെ സ്ഥലം മാറ്റുകയും തുടർന്ന് മാനേജർ കന്നഡയിൽ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Content Highlights: Bengaluru Techie Blames "Language Nonsense" For Moving Office To Pune

To advertise here,contact us