ന്യൂഡല്ഹി: ഇസ്ലാം മതം പിന്തുടരുന്നവര്ക്ക് മാത്രമായി വഖഫ് പരിമിതപ്പെടുത്തിയെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. എന്നാല് വഖഫ് ഭേദഗതി നിയമത്തില് ഭരണഘടനാ വിരുദ്ധതയില്ലെന്ന് കേന്ദ്ര സര്ക്കാര് സുപ്രീംകോടതിയില് വാദിച്ചു. നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ലെന്നും കേന്ദ്ര സര്ക്കാര് പറഞ്ഞു. വഖഫ് നിയമത്തില് നിര്വചിച്ച പട്ടികവര്ഗ്ഗ മേഖലയിലെ ജനവിഭാഗങ്ങളുടെ സ്വത്ത് സംരക്ഷണം ഭരണഘടനാപരമാണെന്ന് കേന്ദ്രം അറിയിച്ചു.
സുപ്രീംകോടതി മുന്കാല വിധിയിലൂടെ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. പട്ടികവര്ഗ്ഗ മേഖലയിലെ ഭൂമി കൈമാറ്റത്തിന് സംസ്ഥാന നിയമങ്ങളുടെ വിലക്കുണ്ട്. എന്നാല് വഖഫ് ആയി മാറ്റിയാല് മുത്തവല്ലിയുടെ താല്പര്യാനുസൃതം ഭൂമി കൈകാര്യം ചെയ്യാനാകും. മതവിശ്വാസം പാലിക്കുന്നവര്ക്ക് മാത്രമേ വഖഫ് നല്കാനാവൂ എന്നതും നിയമാനുസൃതമാണ്. വഖഫ് തട്ടിപ്പ് ഒഴിവാക്കുന്നതിനായാണ് ഈ നടപടിയെന്നും കേന്ദ്ര സര്ക്കാര് വാദിച്ചു.
2013 വരെയുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഏതൊരാള്ക്കും വഖഫ് നല്കാമെന്ന വ്യവസ്ഥ ഒഴിവാക്കിയത്. ഹിന്ദുക്കള്ക്ക് മസ്ജിദ് നിര്മ്മിക്കണമെങ്കില് ട്രസ്റ്റ് രൂപീകരിക്കാമെന്നും വഖഫ് ചെയ്യുന്നതെന്തിനാണെന്നും കേന്ദ്രം ചോദിച്ചു. ശരീയത്ത് നിയമവും വഖഫും ബാധകമാകണമെങ്കില് ഇസ്ലാം മതവിശ്വാസിയാണെന്ന് തെളിയിക്കണമെന്നും കേന്ദ്ര സര്ക്കാര് പറഞ്ഞു. നിയമ വിരുദ്ധമെങ്കില് പ്രസ്തുത വകുപ്പുകള് സുപ്രീംകോടതിക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാമെന്നും കേന്ദ്ര സര്ക്കാര് പറഞ്ഞു.
എന്നാല് 2010ലെ സുപ്രീ കോടതി വിധിയനുസരിച്ച് മുസ്ലിം ഇതര വിഭാഗങ്ങള്ക്കും വഖഫ് നല്കാമെന്നും ഇത് ഭേദഗതി നിയമത്തില് നിന്ന് ഒഴിവാക്കിയെന്നും ഹര്ജിക്കാര് സുപ്രീംകോടതിയെ അറിയിച്ചു. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്ജികളില് കേന്ദ്ര സര്ക്കാരിന്റെ വാദങ്ങള്ക്ക് ഹര്ജിക്കാരുടെ അഭിഭാഷകര് ഉച്ചയ്ക്ക് ശേഷം മറുപടി വാദം അറിയിക്കും.
Content Highlights: Center s argument in the Supreme Court on the petition challenging the Waqf Act