ബെംഗളൂരുവിൽ മെട്രോ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു; കേസെടുത്ത് പൊലീസ്

സംഭവം വിവാദമായതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സംഭവത്തിൽ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. സാമൂഹികമാധ്യമമായ എക്‌സിലെ ഒരു ഉപയോക്താവാണ് ബാംഗ്ലൂര്‍ മെട്രോ ക്ലിക്ക്‌സ് (@മെട്രോ ചിക്ക്‌സ്) എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഇത്തരമൊരു കാര്യം നടക്കുന്നുണ്ടെന്ന് ബെംഗളൂരു പൊലീസിനെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഡിസിപി ലോകേഷ് ബി ജഗലസര്‍ അറിയിച്ചു.

Hello @BlrCityPolice @CPBlr ,There is a pervert travelling in @OfficialBMRCL bengaluru metro trains and capturing videos of women secretly and sharing on instagram. Please find him and punish him !! Here is the link for that instagram page. https://t.co/vhuglcWR1A

'സുന്ദരികളായ പെണ്‍കുട്ടികളെ നമ്മ മെട്രോയില്‍ കണ്ടെത്തുന്നു' എന്ന അടിക്കുറിപ്പുകളോടെയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാം വഴി പങ്കുവെച്ചിരുന്നത്. സ്ത്രീകളെ അവര്‍ അറിയാതെ പിന്തുടര്‍ന്ന് വീഡിയോ പകര്‍ത്തി പേജില്‍ പങ്കുവെക്കുകയായിരുന്നു. മെട്രോയുടെ കോച്ചുകള്‍ക്കുള്ളില്‍നിന്നും പ്ലാറ്റ്‌ഫോമില്‍നിന്നുമൊക്കെയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

ആറായിരത്തിലധികം ഫോളോവര്‍മാരായിരുന്നു ഈ അക്കൗണ്ടിനുണ്ടായിരുന്നത്. ഇതുമായി ബന്ധിപ്പിച്ചിരുന്ന ടെലഗ്രാം ചാനല്‍ സ്പീഡി വീഡി 123-യ്ക്ക് 1,188 സബ്‌സ്‌ക്രൈബര്‍മാരും ഉണ്ടായിരുന്നു. 13 വീഡിയോകളാണ് പേജിലുണ്ടായിരുന്നത്. വിഷയം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തൂ. ടെലഗ്രാം അക്കൗണ്ടും നിലവില്‍ ലഭ്യവുമല്ല. സംഭവം വിവാദമായതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Content Highlight: Bengaluru metro commuters captured and shared footage on Instagram; Police registered a case

To advertise here,contact us