മുംബൈയില്‍ ക്രൂരത; അമ്മയുടെ മുന്നിൽവെച്ച് രണ്ടര വയസുകാരിയെ ആൺസുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

കുട്ടിയുടെ 35 വയസുകാരിയായ അമ്മയേയും 19കാരനായ ആണ്‍സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു

മുംബൈ: അമ്മയുടെ മുന്നില്‍വെച്ച് രണ്ടര വയസുകാരിയെ ആണ്‍സുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മുംബൈയിലെ മല്‍വാണിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ 35 വയസുകാരിയായ അമ്മയേയും 19കാരനായ ആണ്‍സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ സ്ത്രീ മാതാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഭര്‍ത്താവുമായി പിരിയുന്ന സമയം ഗര്‍ഭിണിയായിരുന്ന സ്ത്രീ മാസങ്ങള്‍ക്ക് ശേഷം കുഞ്ഞിന് ജന്മം നല്‍കി. ഇതിനിടെ 19കാരനുമായി പ്രണയത്തിലായി.

പതിനെട്ടാം തീയതിയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. സ്ത്രീയുടെ മാതാവ് പുറത്തുപോയ സമയത്ത് ആണ്‍സുഹൃത്ത് വീട്ടിലെത്തി. ഈ സമയം കുട്ടി ഉറങ്ങുകയായിരുന്നു. ഇവരുടെ ശബ്ദം കേട്ട് കുട്ടി ഉണര്‍ന്നു. ഇതിന് പിന്നാലെയാണ് കൊടുംക്രൂരത നടന്നത്. അമ്മയുടെ സാന്നിധ്യത്തില്‍ ആണ്‍സുഹൃത്ത് കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കുട്ടിക്ക് വീണ് പരിക്കേറ്റു എന്നായിരുന്നു സ്ത്രീയും ആണ്‍സുഹൃത്തും ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ സ്വകാര്യ ഭാഗത്തെ മുറിവ് ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രണ്ട് പേരും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Content Highlights- Mother watches while boyfriend rapes, murders her child in Mumbai

To advertise here,contact us