പാകിസ്താന് വേണ്ടി ചാരവൃത്തി; മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 11 പേർ

ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ് 11 അറസ്റ്റുകൾ നടന്നിരിക്കുന്നത്

ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് വേണ്ടി ചാരവൃത്തിയിൽ ഏർപ്പെട്ടെന്ന ആരോപിച്ച് നിരവധി പേർ അറസ്റ്റിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് 11 പേരെയാണ് അറസ്റ്റ് ചെയ്തത്. സെൻസിറ്റീവായ വിവരങ്ങൾ ചോർത്തിയതിന് ഹരിയാനക്കാരിയായ ട്രാവൽ വ്ലോ​ഗർ ജ്യോതി മൽഹോത്ര‌യും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിരുന്നു. സുരക്ഷാ ഉദ്യോ​ഗസ്ഥൻ, ആപ്പ് ഡെവലപ്പർ, വിദ്യാർത്ഥികൾ, സാധാരണക്കാർ എന്നിവരടക്കമാണ് ചാരവൃത്തിയുടെ പേരിൽ അറസ്റ്റിലായിരിക്കുന്നത്. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ് 11 അറസ്റ്റുകൾ നടന്നിരിക്കുന്നത്.

ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള യൂട്യൂബർ ജ്യോതി മൽഹോത്രയുടെ അറസ്റ്റാണ് ഏറെ ച‍ർച്ച ചെയ്യപ്പെട്ടത്. 'ട്രാവൽ വിത്ത് ജോ' എന്ന 3.85 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലിൻ്റെ ഉടമയാണ് ജ്യോതി മൽഹോത്ര. ഇന്ത്യ-പാകിസ്താൻ സംഘർഷം നടക്കുന്നതിനിടെ ഇവർ പാകിസ്താൻ ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോ‍‍ർട്ട്. എന്നാൽ പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇവർക്ക് ലഭിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് 2023, 2024, 2025 മാർച്ച്‌ എന്നിങ്ങനെ മൂന്ന് തവണ ജ്യോതി മൽഹോത്ര പാകിസ്താനിലേയ്ക്ക് യാത്ര ചെയ്തിരുന്നു. പാകിസ്താൻ ഹൈക്കമ്മീഷൻ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അവർ ബന്ധപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. ഡാനിഷിനെ ഇന്ത്യ അടുത്തിടെ പുറത്താക്കിയിരുന്നു.

ജ്യോതി മൽഹോത്ര പാകിസ്താനിലേയ്ക്കും കശ്മീരിലേക്കും ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്തിയ സന്ദർശനങ്ങളും സൂക്ഷ്മമാ‌യി പരിശോധിച്ച് വരികയാണ്. നിർദ്ദിഷ്ട സ്ഥലങ്ങളോ ഉള്ളടക്കമോ ഉൾക്കൊള്ളുന്ന യാത്രാ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ടോ എന്നതാണ് പരിശോധിക്കുന്നത്.

ഗസാല, യമീൻ മുഹമ്മദ് എന്നിവരാണ് പഞ്ചാബിൽ നിന്നും പിടിയിലായത്. പാകിസ്താൻ ഏജന്റുമാ‍ർക്ക് പണത്തിന് പകരമായി വിവരങ്ങൾ പങ്കുവെച്ചതിനാണ് പഞ്ചാബിലെ മലേർകോട്‌ലയിൽ നിന്നുള്ള 32 വയസ്സുള്ള വിധവയായ ഗസാലയെയും യമീൻ മുഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ മുൻ പാകിസ്താൻ ഹൈക്കമ്മീഷൻ ജീവനക്കാരനായ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവർത്തനങ്ങളിലും സഹകരിച്ച് പ്രവർത്തിച്ചുവെന്നാണ് ആരോപണം. ഡാനിഷ് അവരെ പതിവായി കണ്ടുമുട്ടാറുണ്ടെന്നാണ് അറസ്റ്റിന് ശേഷം വെളിപ്പെടുത്തപ്പെട്ടത്. പാകിസ്താൻ വിസ ലഭിക്കാൻ ഇരുവരും ഡാനിഷിനെ സമീപിച്ചിരുന്നു. ഇതിന് പുറമെ ഇവർ ഡാനിഷ് വഴി മൊബൈൽ ഫോണുകളിലേക്ക് ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്തു. ചാരവൃത്തി ശൃംഖലയിലേക്ക് പണം എത്തിക്കുക എന്നതായിരുന്നു ഇവരുടെ ചുമതല.

പഞ്ചാബിലെ പട്യാലയിലെ ഖൽസ കോളേജിലെ 25കാരനായ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ദേവേന്ദർ സിംഗിനെ പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് ഹരിയാനയിലെ കൈത്താളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പട്യാല സൈനിക കന്റോൺമെന്റിന്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന വിവരങ്ങൾ ഐഎസ്‌ഐ ഏജന്റുമാരുമായി ഇയാൾ പങ്കുവെച്ചതായി കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ദേവേന്ദർ സിംഗ് പിസ്റ്റളുകളുടെയും തോക്കുകളുടെയും ഫോട്ടോകൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ദേവേന്ദർ സിങ് പാകിസ്താൻ സന്ദർശിച്ചതായും ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

നൂഹിൽ നിന്നുള്ള 26 വയസ്സുള്ള അർമാനാണ് ഹരിയാനയിൽ നിന്നും ചാരവൃത്തിയ്ക്ക് അറസ്റ്റിലായ മറ്റൊരാൾ. ഇന്ത്യൻ സൈന്യത്തെക്കുറിച്ചും മറ്റ് സൈനിക പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള തന്ത്രപ്രധാന വിവരങ്ങൾ പാകിസ്താനുമായി പങ്കുവെച്ചുവെന്നാരോപിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാകിസ്താൻ നമ്പറുകളിലേക്ക് അയച്ച സംഭാഷണങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഇയാളുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യയുടെ സൈനിക പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ വാട്‌സ്ആപ്പ് വഴി അർമാൻ പാകിസ്താനിലേയ്ക്ക് അയച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.

ചാരവൃത്തി ആരോപിച്ച് നൂഹിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട രണ്ടാമത്തെ വ്യക്തിയാണ് തരീഫ്. പാകിസ്താൻ എംബസിയിലെ രണ്ട് ഉദ്യോ​ഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നെന്നും അവർ തനിക്ക് സിം കാർഡുകൾ നൽകിയിരുന്നുവെന്നും തരീഫ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. തരീഫ് ഇടയ്ക്കിടെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എംബസി ഉദ്യോഗസ്ഥർ തരീഫിനോട് സിർസയിൽ പോയി വിമാനത്താവളത്തിന്റെ ഫോട്ടോകൾ അയയ്ക്കാൻ നിർദ്ദേശിച്ചതായും വെളിപ്പെടുത്തലുണ്ട്.

നൗമാൻ ഇല്ലാഹിയെന്ന 24 വയസ്സുകാരനെ ഹരിയാനയിലെ പാനിപ്പത്തിൽ നിന്നാണ് ചാരവൃത്തി ആരോപിച്ച് പിടികൂടിയത്. ഐഎസ്‌ഐയുമായി ബന്ധമുള്ള പാകിസ്താനി ഏജന്റുമായി ബന്ധം പുലർത്തിയിരുന്നതായി ആരോപിച്ചാണ് നൗമാൻ ഇലാഹിയെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് സ്വദേശിയായ നൗമാൻ ഇലാഹി നേരത്തെ ഫാക്ടറിയിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നു. നൗമാൻ തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്താന് നൽകിയതായാണ് ആരോപണം. ഉത്തർപ്രദേശിലെ കൈരാനയിൽ താമസിക്കുന്ന ഇലാഹി പലതവണ പാകിസ്താൻ സന്ദർശിച്ചിട്ടുണ്ട്. ഇയാൾ ഉപയോ​ഗിച്ചിരുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് പഞ്ചാബിലെ ജലന്ധറിൽ നിന്ന് മുഹമ്മദ് മുർത്താസ അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുർത്താസ സ്വന്തം നിലയിയിൽ വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ ആപ്പ് വഴിയാണ് ചാരവൃത്തി നടത്തിയതെന്നാണ് റിപ്പോർട്ട്. ഇയാളിൽ നിന്ന് നാല് മൊബൈൽ ഫോണുകളും മൂന്ന് സിം കാർഡുകളും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയതായി ആരോപിച്ച് ഷെഹ്‌സാദ് എന്നയാളെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് (എടിഎസ്) അറസ്റ്റ് ചെയ്തത്. റാംപൂർ ജില്ലക്കാരനായ ഷെഹ്‌സാദിനെ ശനിയാഴ്ച മൊറാദാബാദിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഷെഹ്‌സാദ് പലതവണ പാകിസ്താനിലേയ്ക്ക് യാത്ര ചെയ്തിട്ടുണ്ട്. സൗന്ദര്യവർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് വസ്തുക്കൾ തുടങ്ങിയവയുടെ അതിർത്തി കടന്നുള്ള കള്ളക്കടത്തിലും അദ്ദേഹം ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കള്ളക്കടത്ത് റാക്കറ്റ് അദ്ദേഹത്തിന്റെ ചാരപ്രവർത്തനങ്ങൾക്ക് ഒരു മറയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സെൻസിറ്റീവും രഹസ്യവുമായ വിവരങ്ങൾ ഐഎസ്ഐ ഏജൻ്റുമാർക്ക് നൽകിയതിനാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. രഹസ്യ വിവരങ്ങൾ കൈമാറുക മാത്രമല്ല, ഇന്ത്യയ്ക്കുള്ളിൽ ഐ‌എസ്‌ഐയുടെ പ്രവർത്തനങ്ങൾക്ക് ഇയാൾ സൗകര്യമൊരുക്കുകയും ചെയ്തെന്നാണ് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ പറയുന്നത്.

ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്താന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ചാണ് ഗുർദാസ്പൂരിൽ സുഖ്പ്രീത് സിംഗ് ഉൾപ്പെടെ രണ്ട് പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഐഎസ്‌ഐ പ്രതിയെ പ്രവർത്തന സജ്ജനാക്കിയതായും ഒരു ലക്ഷം രൂപ അക്കൗണ്ടുകളിലേക്ക് മാറ്റിയതായുമാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. ഗുരുദാസ്പൂരിൽ കരൺബീർ സിംഗാണ് പിടിയിലായ മറ്റൊരാൾ. ഐഎസ്‌ഐ ഏജൻ്റുമാരുമായി ഇയാൾ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും ഇന്ത്യൻ സായുധ സേനയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറിയെന്നുമാണ് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കിയത്. പ്രതികൾ കഴിഞ്ഞ 15-20 ദിവസമായി വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും മയക്കുമരുന്ന് കള്ളക്കടത്തിലും ഇവർ പങ്കാളികളാണെന്നും ബോർഡർ റേഞ്ച് ഡിഐജി സതീന്ദർ സിംഗ് അറിയിച്ചത്.

Content Highlights: From Jyoti Malhotra to Devender Singh: 11 'Pak spies' caught in India over 3 days

To advertise here,contact us