'അലി ഖാന്റെ തെറ്റ് അദ്ദേഹത്തിന്റെ പേരാണ്'; അശോക യൂണിവേഴ്സിറ്റി പ്രൊഫസറിന്റെ അറസ്റ്റിൽ ബിജെപിക്കെതിരെ കോൺഗ്രസ്

'ഇതേസമയം, മധ്യപ്രദേശിലെ മന്ത്രിക്കും ഉപ മുഖ്യമന്ത്രിക്കുമെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല'

ന്യൂ ഡൽഹി: അശോക യൂണിവേഴ്സിറ്റി പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിന്റെ അറസ്റ്റിൽ ബിജെപിക്കെതിരെ കോൺഗ്രസ് രംഗത്ത്. മോദി സർക്കാരിന്റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നത് എന്നും അദ്ദേഹം ചെയ്ത് തെറ്റ് ആ പോസ്റ്റ് എഴുതി എന്നതും, മറ്റൊന്ന് അദ്ദേഹത്തിന്റെ പേരുമാണെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര തുറന്നടിച്ചു. സാമൂഹിക മാധ്യമമായ എക്‌സിലായിരുന്നു പവൻ ഖേരയുടെ പ്രതികരണം.

'അലി ഖാൻ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. മോദി സർക്കാരിന് കീഴിലെ പുതിയ ഇന്ത്യയാണിത്. ചരിത്രകാരനായ, അക്കാദമിക് രംഗത്തെ പ്രഗൽഭനായ ഒരാൾ അക്രമം അരുത് എന്ന് ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ബിജെപിയുടെ വർഗീയ താത്പര്യങ്ങളും, സത്യം പറഞ്ഞതിനുമെല്ലാമായിരുന്നു അറസ്റ്റ്.

ഇതേസമയം, മധ്യപ്രദേശിലെ മന്ത്രിക്കും ഉപ മുഖ്യമന്ത്രിക്കുമെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതാണ് മോദി സർക്കാരിന്റെ ഇരട്ടത്താപ്പ്. ഇത് ഒരാൾക്കെതിരെയുള്ള നടപടിയല്ല, മറിച്ച് അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ, വിയോജിക്കുന്നവർക്കെതിരായ, ബിജെപിയുടെ വിധ്വേഷത്തിനെതിരെ നിലകൊള്ളുന്നവർക്കെതിരായ സർക്കാർ നടപടിയാണ്.

അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് വിദേശ സെക്രട്ടറിയായിരുന്ന, രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ജഗത് എസ് മെഹ്തയുടെ കൊച്ചുമകനാണ് അലി ഖാൻ മഹ്മൂദാബാദ്. അദ്ദേഹം ചെയ്ത് തെറ്റ്, ഒന്ന് ആ പോസ്റ്റ് എഴുതി എന്നുള്ളതാണ്. മറ്റൊന്ന് അദ്ദേഹത്തിന്റെ പേരാണ്' എന്നായിരുന്നു പവൻ ഖേരയുടെ പോസ്റ്റ്.

ഓപ്പറേഷൻ സിന്ദൂറിനെയും വിമർശിച്ചു എന്നാരോപിച്ചാണ് അലി ഖാൻ മഹ്മൂദാബാദിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. കേണൽ സോഫിയ ഖുറേഷിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് രാജ്യത്തെ തീവ്ര വലതുപക്ഷക്കാർക്കെതിരെ രൂക്ഷ വിമർശനവും അലി ഖാൻ ഉയർത്തിയിരുന്നു. തുടർന്ന് ആ പോസ്റ്റ് വലിയ വിവാദമാകുകയും ഹരിയാന പൊലീസ് അലി ഖാനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിനെതിരെ അക്കാദമിക്കുകൾ അടക്കം ഒരുപാട് പേര് ഇതിനകം രംഗത്തുവന്നിട്ടുണ്ട്.

Content Highlights: Congress against BJP on Ashoka professor Ali Khan Mahmudabads arrest

To advertise here,contact us