ഭുവനേശ്വർ: ഒഡിഷയിൽ വളർത്തമ്മയെ ആൺസുഹൃത്തുക്കളുടെ സഹായത്തോടെ 13വയസ്സുകാരി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഗജപതി ജില്ലയിൽ ഏപ്രിൽ 29നാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. 54കാരിയായ രാജലക്ഷ്മി കർ ആണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസം മാത്രം പ്രായമുള്ള റോഡിൽ ഉപേക്ഷിച്ച കുഞ്ഞിനെയാണ് രാജലക്ഷ്മി എടുത്തു വളർത്തിയത്. ഈ വളർത്തുമകളായ എട്ടാം ക്ലാസുകാരിയാണ് ആൺസുഹൃത്തുക്കളോടൊപ്പം ചേർന്ന് രാജലക്ഷ്മിയെ കൊലപ്പെടുത്തിയത്.
വളർത്തുമകൾക്ക് ആൺസുഹൃത്തുക്കളുമായുള്ള സൗഹൃദം രാജലക്ഷ്മി ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതയായ എട്ടാംക്ലാസുകാരി ആൺസുഹൃത്തുക്കളുമായി ചേർന്ന് രാജലക്ഷ്മിയെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു. രാജലക്ഷ്മിയുടെ സ്വത്ത് തട്ടിയെടുക്കാനും പ്രായപൂർത്തിയാകാത്ത കുട്ടികൾ പദ്ധതിയിട്ടിരുന്നു. ഉറക്കഗുളിക നൽകി രാജലക്ഷ്മിയെ മയക്കിക്കിടത്തിയ ശേഷം തലയിണ മുഖത്ത് അമർത്തി വളർത്തു മകൾ കൊലപ്പെടുത്തുകയായിരുന്നു.
അടുത്ത ദിവസം മരിച്ച നിലയിലാണ് രാജലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചത്. ഹൃദയാഘാതം മൂലം രാജലക്ഷ്മി മരിച്ചെന്ന് വിശ്വസിച്ച ബന്ധുക്കൾ മൃതദേഹം സംസ്കരിക്കുകയായിരുന്നു. രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് കൊലപാതകവിവരം പുറം ലോകമറിയുന്നത്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ അടുത്ത ബന്ധുക്കൾ പരിശോധിച്ചതിൽ നിന്ന് ആൺസുഹൃത്തുക്കൾക്ക് അയച്ച സന്ദേശം കണ്ടെത്തി. കൊലപ്പെടുത്താൻ പദ്ധതിയിട്ടു കൊണ്ട് അയച്ച സന്ദേശമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
content highlights : Odisha teen, two friends held for killing adoptive mother over property dispute