ഡല്‍ഹി ആംആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ 13 കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ടു

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ ഭരണം നഷ്ടപ്പെട്ടിരുന്നു. അതിന് ശേഷം പാര്‍ട്ടിയില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു.

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആംആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 13 ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു. മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കക്ഷി നേതാവായിരുന്ന മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണ് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ടത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മുകേഷ് ഗോയല്‍ ബിജെപിയുടെ രാജ് കുമാര്‍ ഭാട്ടിയയുമായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 'ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടി'യെന്നാണ് ആംആദ്മി പാര്‍ട്ടി വിട്ടവര്‍ രൂപീകരിച്ച പാര്‍ട്ടിയുടെ പേര്.

ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭരണം ബിജെപി പിടിച്ചെടുത്തിരുന്നു. ആംആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. മുന്‍പ് നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി കോണ്‍ഗ്രസ് വിട്ടെത്തിയവരാണ് പാര്‍ട്ടി വിട്ട കൗണ്‍സിലര്‍മാര്‍.

കഴിഞ്ഞ 25 വര്‍ഷമായി കൗണ്‍സിലറാണ് മുകേഷ് ഗോയല്‍. 2021ലാണ് കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയിലെത്തിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ ഭരണം നഷ്ടപ്പെട്ടിരുന്നു. അതിന് ശേഷം പാര്‍ട്ടിയില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു.

Content Highlights: huge setback to the Aam Aadmi Party in the national capital

To advertise here,contact us