കൊല്ക്കത്ത: പാകിസ്താന് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി ബിഎസ്എഫ് ജവാന് പൂര്ണം കുമാര് ഷാ. ഉറങ്ങാന് പോലും അനുവദിക്കാതെയുള്ള ചോദ്യം ചെയ്യലായിരുന്നുവെന്നും പൂര്ണം ഷാ പറഞ്ഞതായി പങ്കാളി രജനി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അന്താരാഷ്ട്ര അതിര്ത്തിയില് ബിഎസ്എഫ് ജവാന്മാരെയും ഉദ്യോഗസ്ഥരെയും വിന്യസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതലായും അന്വേഷിച്ചതെന്നും പൂര്ണം ഷാ പറഞ്ഞതായി രജനി പറഞ്ഞു.
കഴിഞ്ഞ ദിവസം ഫോണ് വിളിച്ചപ്പോഴാണ് ഷാ രജനിയോട് പാകിസ്താനില് താന് അനുഭവിച്ച കഷ്ടതകള് പങ്കുവെച്ചത്. ശാരീരികമായി ഉപദ്രവിച്ചില്ലെന്നും എന്നാല് എല്ലാ രാത്രിയിലുമുള്ള ചോദ്യം ചെയ്യല് മാനസികമായി ബുദ്ധിമുട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. 'അതിര്ത്തികാക്കുന്ന പാരാമിലിറ്ററി ജവാന് എന്നതിലുപരി ഒരു ചാരനായാണ് അദ്ദേഹത്തോട് പെരുമാറിയത്. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. വിമാനത്തിന്റെ ശബ്ദങ്ങള് കേട്ടതിനാല് അതിലൊന്ന് എയര്ബേസാണെന്ന് മനസിലായി. കൃത്യസമയത്ത് ഭക്ഷണം നല്കിയെങ്കിലും പല്ലു തേക്കാന് പോലും അനുവദിച്ചില്ല. സംസാരിക്കുമ്പോള് നല്ല ക്ഷീണം അദ്ദേഹത്തിന്റെ ശബ്ദത്തിലുണ്ടായിരുന്നു. നന്നായി ഉറങ്ങാന് സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു', രജനി പറഞ്ഞു.
എന്നാല് പൂര്ണം ഷാ രാജ്യത്തെ സേവിക്കുന്നത് അവസാനിപ്പിക്കില്ലെന്ന് രജനി പറഞ്ഞു. 17 വര്ഷമായി അദ്ദേഹം രാജ്യത്തെ സേവിക്കുകയാണെന്നും അതില് തങ്ങള്ക്ക് അഭിമാനമുണ്ടെന്നും രജനി പറഞ്ഞു. മൂന്നാഴ്ചകള്ക്ക് ശേഷം പാകിസ്താന്റെ പിടിയില് നിന്ന് മോചിതനായ പൂര്ണം ഷാ നിലവില് ചികിത്സയിലാണ്. പൂര്ണം ഷായ്ക്ക് പെട്ടെന്ന് സ്വന്തം നാട്ടിലേക്ക് വരാന് സാധിച്ചില്ലെങ്കില് പഠാന്കോട്ടിലേക്ക് പോയി അദ്ദേഹത്തെ കാണാനുള്ള തയ്യാറെടുപ്പിലാണ് രജനി.
അട്ടാരി അതിര്ത്തി വഴിയാണ് ബുധനാഴ്ച പൂര്ണം ഷായെ പാകിസ്താന് ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയുടെ നയതന്ത്ര സമ്മര്ദത്തെ തുടര്ന്നാണ് ജവാനെ കൈമാറാന് പാകിസ്താന് തയ്യാറായത്. അതിര്ത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്സായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാന്സ് ലാന്ഡിലെ കര്ഷകരെ നിരീക്ഷിക്കാനെത്തിയ പൂര്ണം അബദ്ധത്തില് അതിര്ത്തി കടക്കുകയായിരുന്നു.
Content Highlights: BSF Jawan Poornam Kumar Shah about his struggles from Pakistan