അവന്തിപോരയിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകരരെ വധിച്ച് സൈന്യം

മൂന്ന് ജയ്ഷെ ഭീകരരെ സെെന്യം വധിച്ചതായി വിവരം

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ മൂന്ന് ജയ്ഷെ ഭീകരരെ വധിച്ച് സുരക്ഷാ സേന. ആസിഫ് അഹ്മദ് ഷെയ്ഖ്, ആമിർ നസീർ വാനി, യവർ അഹ്മദ് ഭട്ട് എന്നീ മൂന്ന് ഭീകരരെയാണ് വധിച്ചത്. മൂവരും പുൽവാമ പ്രദേശവാസികളാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. അവന്തിപോരയിലെ നാദെര്‍, ട്രല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈനിക വേഷത്തില്‍ എത്തിയ രണ്ട് പേര്‍ കുടിവെള്ളം ആവശ്യപ്പെട്ടെന്ന് ഗ്രാമീണ സ്ത്രീ സുരക്ഷാ സേനയ്ക്ക് മൊഴി നല്‍കിയിരുന്നു.

48 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ചൊവ്വാഴ്ച ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ആദ്യം കുല്‍ഗാമില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിന്നീട് ഷോപ്പിയാനിലെ ഒരു വനപ്രദേശത്തേക്ക് മാറുകയായിരുന്നു.

Content Highlights: three jaish e mohammed terrorists killed at jammu kashmir

To advertise here,contact us