പിണക്കങ്ങൾ മറന്ന് അജിതുമായി ഒന്നിക്കുന്നോ? നിർണായകമായി എൻസിപി ശരദ് പവാർ വിഭാഗത്തിന്‍റെ യോഗം

ശരദ് പവാറും അജിത് പവാറും ഒന്നിക്കാനൊരുങ്ങുന്നതായി സൂചന

മുംബൈ: രാഷ്ട്രീയ പിണക്കം മാറ്റിവെച്ച് ശരദ് പവാറും അജിത് പവാറും ഒന്നിക്കാനൊരുങ്ങുന്നതായി സൂചന. കഴിഞ്ഞ ദിവസം ശരദ് പവാർ എൻസിപി വിഭാഗം യോഗത്തിൽ ഇരു വിഭാഗങ്ങളും വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ ചർച്ച ചെയ്തു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുംബൈയിലെ ഓഫീസിലായിരുന്നു യോഗം. സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ, പാർട്ടി നേതാവ് ജിതേന്ദ്ര അവാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എല്ലാ ജില്ലകളിലെയും നേതാക്കൾ പങ്കെടുത്തു. പാർട്ടിയുടെ കാര്യങ്ങൾ ചർച്ച ചെയ്തതിന്റെ ഒപ്പമാണ് അജിത് പവാറിനൊപ്പമുളള ഒരു കൂടിച്ചേരലിന്റെ സാധ്യതകളും പരിശോധിച്ചത്. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് ശരദ് പവാർ കൂടുതൽ പ്രതികരിക്കുമെന്നും മറ്റ് നേതാക്കൾ മാധ്യമങ്ങളോട് അഭിപ്രായങ്ങൾ പറയരുതെന്നും നിർദേശമുണ്ട്.

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുകൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ശേഷം തിരിച്ചുവരാനുള്ള ശ്രമത്തിലാണ് പാർട്ടി. സഖ്യങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെല്ലാം സംബന്ധിച്ച് സ്വയം തീരുമാനമെടുക്കാൻ കീഴ്ഘടകങ്ങൾക്ക് ദേശീയ നേതൃത്വം അടക്കം സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

ജാതി സെൻസസ് എത്രയും പെട്ടെന്ന് നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സാമൂഹികനീതിയും, തുല്യ പ്രാതിനിധ്യവും ഉറപ്പാക്കാൻ ജാതി സെൻസസ് അനിവാര്യമാണെന്നും യോഗത്തിൽ അഭിയപ്രായമുയർന്നു. അർബൻ നക്സൽ ബില്ലും ചർച്ചയായി.

Content Highlights: Speculations of NCP likely to be reunited

To advertise here,contact us