അഞ്ച് മാസത്തിനിടെ രാഹുല്‍ നാല് തവണ ബിഹാറിലേക്ക്; വരവിന് പിന്നില്‍ ഈ ലക്ഷ്യങ്ങള്‍

'നിതീഷ് ജീ, മോദി ജീ, നിങ്ങള്‍ക്കു കഴിയുമെങ്കില്‍ തടഞ്ഞുനോക്ക്. ജാതി സെന്‍സസിന്റെ കൊടുങ്കാറ്റ് സാമൂഹിക നീതി, വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ വിപ്ലവം സൃഷ്ടിക്കും'-രാഹുല്‍ ഗാന്ധി പറഞ്ഞു.

പാറ്റ്‌ന: കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാല് തവണയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബിഹാറിലെത്തിയത്. രണ്ട് കാരണങ്ങളാണ് ഇതിന് പിന്നില്‍. ഒന്ന്, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ഊര്‍ജ്ജസ്വലരാക്കുക. രണ്ട്, ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ മഹാഗത്ബന്ധനില്‍ കൂടുതല്‍ നിയമസഭ സീറ്റുകള്‍ വാങ്ങിയെടുക്കുക.

40ല്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ഇത്തവണ നല്‍കില്ലെന്ന് നേരത്തെ പ്രതിപക്ഷ സഖ്യത്തിലെ പ്രധാന കക്ഷിയായ ആര്‍ജെഡി പറഞ്ഞിരുന്നു. 2020ല്‍ 70 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ 19 സീറ്റുകളില്‍ മാത്രമേ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. സഖ്യത്തിലെ ഇടതുകക്ഷികള്‍ 29ല്‍ 16 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ തവണ മത്സരിച്ച 70 സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിന് നല്‍കില്ലെന്ന ആര്‍ജെഡി നേതാവും പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിന്റെ വാക്കുകള്‍ രാഹുലിന്റെ മനസിലുണ്ട്. അതിനെ മറികടക്കണമെങ്കില്‍ സംസ്ഥാനത്തെ രാഷ്ട്രീയ ഗോദയില്‍ കോണ്‍ഗ്രസിന് പ്രാധാന്യമുണ്ടെന്ന അവസ്ഥയുണ്ടാവണം. അതിന് വേണ്ടിയാണിപ്പോള്‍ രാഹുലിന്റെ ശ്രമം. അത് കൊണ്ട് തന്നെ ബിഹാറിലേക്ക് തുടര്‍ച്ചയായി വരാന്‍ രാഹുല്‍ ശ്രമിക്കുകയാണ്.

ഇന്ന് ബിഹാറില്‍ കോണ്‍ഗ്രസിന്റെ ന്യായ് സംവാദ് പരിപാടിയുടെ ഭാഗമായി ദര്‍ഭംഗയിലെ അംബേദ്കര്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുമായി സംവാദം നടത്താനെത്തിയ രാഹുല്‍ ഗാന്ധിയെ ബിഹാര്‍ പൊലീസ് തടഞ്ഞിരുന്നു. എങ്കിലും വിദ്യാര്‍ത്ഥികളുടെ അടുത്തേക്കെത്തിയ രാഹുല്‍ താനും തന്റെ പ്രസ്ഥാനവും സഖ്യകക്ഷികളും ഉയര്‍ത്തിയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് മോദി സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പിലാക്കിയതെന്ന് പറഞ്ഞു.

'നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തടഞ്ഞുനോക്ക്' എന്നാണ് രാഹുല്‍ എക്സില്‍ കുറിച്ചത്. 'നിതീഷ് ജീ, മോദി ജീ, നിങ്ങള്‍ക്കു കഴിയുമെങ്കില്‍ തടഞ്ഞുനോക്ക്. ജാതി സെന്‍സസിന്റെ കൊടുങ്കാറ്റ് സാമൂഹിക നീതി, വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ വിപ്ലവം സൃഷ്ടിക്കും'-രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ സംഭവത്തിന് ശേഷം നവോത്ഥാന നായകരായ ജ്യോതിറാവു ഫൂലെയുടെയും സാവിത്രിഭായ് ഫൂലെയുടെയും ജീവിത കഥ പറയുന്ന 'ഫൂലെ' സിനിമ കാണാനും സമയം കണ്ടെത്തി. പിന്നാക്ക, ന്യൂനപക്ഷ, ദളിത് പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പമാണ് രാഹുല്‍ ചിത്രം കണ്ടത്. അതിന് ശേഷം സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പം രാഹുല്‍ സംവദിക്കുകയും ചെയ്തു.

നേരത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുത്തിരുന്നു. പാര്‍ട്ടിയുടെ ദളിത് മുഖവും എംഎല്‍എയുമായ രാജേഷ് കുമാറാണ് പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍. രാജ്യസഭാ എംപി കൂടിയായ അഖിലേഷ് പ്രസാദ് സിങ് ആയിരുന്നു ഇത് വരെ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍.

സംസ്ഥാനത്തെ ദളിത് വിഭാഗത്തെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജേഷ് കുമാറിന് പുതിയ ദൗത്യം നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുമായി മികച്ച ബന്ധം പുലര്‍ത്തുന്ന നേതാവാണ് രാജേഷ് കുമാര്‍.

ബിഹാറിലെ പിന്നാക്ക, ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങളെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തണമെന്ന് എഐസിസി നേതൃത്വം തീരുമാനിച്ചിരുന്നു. ഇത് സംസ്ഥാനത്തേക്ക് നിയോഗിക്കുന്ന നേതാക്കളുടെ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ട്.

'ബിഹാറിലെ പിന്നാക്ക, ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങളെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തണമെന്നാണ് എഐസിസിക്ക്. അത് കൊണ്ടാണ് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള കൃഷ്ണ അല്ലാവരുവിനെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ഇന്‍ചാര്‍ജ് ആക്കിയിരുന്നത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് രാജേഷ് കുമാര്‍. രണ്ട് എഐസിസി സെക്രട്ടറിമാര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ നിന്നും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുമാണ്', ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നേരത്തെ പറഞ്ഞിരുന്നു.

വിവാദങ്ങളിലൊന്നും അകപ്പെടാത്ത നേതാവാണ് രാജേഷ് കുമാര്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ 19.65 ശതമാനം വോട്ടുള്ള ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവും. ഇതാണ് രാജേഷ് കുമാറിനെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കാനുള്ള കാരണം. ഭൂമിഹാര്‍ വിഭാഗത്തില്‍ നിന്നുള്ള അഖിലേഷ് പ്രസാദ് സിങിനെ മാറ്റിയതിന്റെ രോഷം അതേ വിഭാഗത്തില്‍ നിന്ന് തന്നെയുള്ള കനയ്യകുമാറിന് പ്രധാന സ്ഥാനം നല്‍കുന്നതോടെ ഇല്ലാതാകും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കനയ്യകുമാറിനോട് ബിഹാറില്‍ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായാണ് വിവരം. സംസ്ഥാനത്ത് പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കാന്‍ ദേശീയ നേതൃത്വം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.

യുവനേതാക്കളുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി എന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത വര്‍ധിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍.

Content Highlights: Rahul Gandhi’s fourth visit in five months to poll-bound Bihar was, seemingly, for two reasons

To advertise here,contact us