ചെന്നൈ: മുസ്ലീം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ നടക്കും. ചെന്നൈയിലെ പൂനമല്ലി ഹൈറോഡിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം ചേരുക. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ കേരളത്തിനു പുറത്ത് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ ആലോചിക്കുന്നതിനൊപ്പം പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 500ലധികം പ്രതിനിധികൾ ദേശിയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും. അഖിലേന്ത്യാ ഭാരവാഹികളായി പ്രസിഡന്റ് കെ എം ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ട്രഷറർ പി വി അബ്ദുൽ വഹാബ്, ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എന്നിവർ തുടരാനാണു സാധ്യത.
അതേസമയം യുവാക്കൾക്കും ഉത്തരേന്ത്യയിൽ നിന്നുള്ളവർക്കും പുതിയ കമ്മിറ്റിയിൽ കൂടുതൽ പ്രാതിനിധ്യം ലഭിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ നടന്ന ദേശീയ സെക്രട്ടേറിയറ്റ് യോഗം പുതുതായി രൂപീകരിച്ച സംസ്ഥാന കമ്മിറ്റികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.അതേസമയം ഇപ്പോൾ ഉണ്ടായിരിക്കുന്ന കെപിസിസി പുനഃസംഘടന യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് മുസ്ലീം ലീഗ്.
Content Highlight: Muslim League National Council will be held in Chennai today