എന്‍സിപി-കോണ്‍ഗ്രസ് ലയനം സംസ്ഥാനത്ത് ചൂടേറിയ ചര്‍ച്ച; ശരദ് പവാറുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍റെ കൂടിക്കാഴ്ച

ശിവസേന ഉദ്ദവ് താക്കറേ വിഭാഗം രാജ് താക്കറേ നയിക്കുന്ന മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയുമായി സഖ്യത്തിലെത്താന്‍ ശ്രമം നടത്തുന്നുണ്ട്.

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചയാണ് എന്‍സിപി-കോണ്‍ഗ്രസ് ചര്‍ച്ച. അജിത് പവാര്‍ ഒരു വിഭാഗം നേതാക്കളുമായി പാര്‍ട്ടി വിട്ടതോടെ എന്‍സിപി ശരദ് പവാര്‍ വിഭാഗം കോണ്‍ഗ്രസുമായി ലയിക്കുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നുവെന്നാണ് സംസ്ഥാനത്തെ ചര്‍ച്ച. ഈ ചര്‍ച്ചകള്‍ക്ക് ചൂടേറ്റിയിരിക്കുകയാണ് ശരദ് പവാര്‍-സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കലും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച.

കോണ്‍ഗ്രസും ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപിയും ഉദ്ദവ് താക്കറേ നേതൃത്വം നല്‍കുന്ന ശിവസേനയും മഹാവികാസ് അഘാഡി എന്ന പ്രതിപക്ഷ സഖ്യത്തിലാണുള്ളത്. ശിവസേന ഉദ്ദവ് താക്കറേ വിഭാഗം രാജ് താക്കറേ നയിക്കുന്ന മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയുമായി സഖ്യത്തിലെത്താന്‍ ശ്രമം നടത്തുന്നുണ്ട്. അതിനിടയിലാണ് എന്‍സിപി-കോണ്‍ഗ്രസ് ലയനം ചര്‍ച്ചയാവുന്നത്.

എന്നാല്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ലയനവുമായി ബന്ധമൊന്നുമില്ലെന്ന വാദമാണ് സപ്കല്‍ മുന്നോട്ടുവെച്ചത്. സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് സപ്കല്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷനായതിന് ശേഷം പവാറിനെ സന്ദര്‍ശിച്ചിരുന്നില്ല എന്നതിനാല്‍ നടത്തിയ സൗഹൃദ സന്ദര്‍ശനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. 'പവാര്‍ രാഷ്ട്രീയ, സാമൂഹ്യ രംഗത്ത് 50വര്‍ഷത്തിലേറെ പാരമ്പര്യമുള്ള നേതാവാണ്. സൗഹൃദ സന്ദര്‍ശനം മാത്രമാണ്' എന്നും സപ്കല്‍ പറഞ്ഞു.

Content Highlights: maharashtra Congress President Harshavadhan Sapkal met veteran politician Sharad Pawar

To advertise here,contact us