സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

നവംബര്‍ 23 വരെ ജസ്റ്റിസ് ബി ആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും

ന്യൂഡൽഹി: സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബിആര്‍ ഗവായ് ചുമതലയേറ്റത്. നവംബര്‍ 23 വരെ ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നഡ്ഡ, എസ് ജയശങ്കര്‍, പീയുഷ് ഗോയല്‍, അര്‍ജുന്‍ രാം മേഘ്വാൾ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, വൈസ് പ്രസിഡന്റ് വി പി ധന്‍കര്‍, മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, മുന്‍ പ്രസിഡന്റ് റാം നാഥ് കോവിന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

മലയാളി ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ ദളിത് വിഭാഗക്കാരനും ആദ്യ ബുദ്ധമത വിശ്വാസിയുമാണ് ജസ്റ്റിസ് ബിആര്‍ ഗവായ്. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ജസ്റ്റിസ് ബിആര്‍ ഗവായ് 2003ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. 2019 മെയ് മാസത്തിലാണ് ബിആര്‍ ഗവായ് സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റത്. ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് ബിആര്‍ ഗവായ് ഭരണഘടനാ നിയമത്തിലും ഭരണ നിര്‍വ്വഹണ നിയമത്തിലും വിദഗ്ധനാണ്. മുന്‍ കേരള ഗവര്‍ണ്ണര്‍ ആര്‍എസ് ഗവായിയുടെ മകനാണ് നിയുക്ത ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്.

Content Highlight: Justice BR Gavai took charge as the Chief Justice

To advertise here,contact us