ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും; ബി ആര്‍ ഗവായ് ചുമതലയേല്‍ക്കും

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത് ശരിവെക്കല്‍, തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കല്‍, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെക്കല്‍ തുടങ്ങിയ വിധികളെഴുതിയത് ജസ്റ്റിസ് ഖന്ന ഉള്‍പ്പെട്ട ബെഞ്ചാണ്

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ആറ് മാസത്തോളം ചീഫ് ജസ്റ്റിസ് പദവിയിലിരുന്നതിന് പിന്നാലെയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. സുപ്രിംകോടതിയില്‍ ചീഫ് ജസ്റ്റിസിന് അഭിഭാഷകരും സഹപ്രവര്‍ത്തകരും യാത്രയയപ്പ് നല്‍കും. ചീഫ് ജസ്റ്റിസ് ആയിരിക്കെ ആരാധനാലയ നിയമത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്വീകരിച്ച നിലപാടാണ് ഏറെ ശ്രദ്ധേയമാണ്.

രാജ്യത്തെ മസ്ജിദുകള്‍ക്കും ദര്‍ഗ്ഗകള്‍ക്കും ഉള്‍പ്പടെ സര്‍വ്വേ അനുമതി നല്‍കുന്നത് ഉള്‍പ്പടെയുള്ള കീഴ്ക്കോടതി നടപടികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തടഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും എടുത്തുമാറ്റണമെന്ന ഹര്‍ജി തള്ളിയതും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത് ശരിവെക്കല്‍, തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കല്‍, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെക്കല്‍ തുടങ്ങിയ വിധികളെഴുതിയത് ജസ്റ്റിസ് ഖന്ന ഉള്‍പ്പെട്ട ബെഞ്ചാണ്. മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് ആണ് അടുത്ത ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ബി ആര്‍ ഗവായ് നാളെ രാഷ്ട്രപതിയില്‍ നിന്ന് സത്യവാചകം ചൊല്ലി ചീഫ് ജസ്റ്റിസായി അധികാരമേല്‍ക്കും.

Content Highlights: Justice Sanjiv Khanna Step down Today

To advertise here,contact us