ജമ്മു സാധാരണ നിലയിലേക്ക്; സ്‌കൂളുകള്‍ ഇന്ന് തുറക്കും, നിയന്ത്രണ രേഖയില്‍ സുരക്ഷശക്തം

അതിര്‍ത്തി മേഖലയില്‍ അടക്കം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി

ശ്രീനഗര്‍: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടി നിര്‍ത്തല്‍ ധാരണയായതോടെ അതിര്‍ത്തിയിലെ ജനജീവിതം സാധാരണ നിലയിലേക്ക്. താല്‍കാലികമായി അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അതിര്‍ത്തി മേഖലയില്‍ അടക്കം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.

പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ ഇന്ത്യക്ക് പ്രതിഷേധമുണ്ട്. അതിര്‍ത്തി മേഖലകളില്‍ ശക്തമായ സുരക്ഷ തുടരുകയാണ്. ജമ്മുകശ്മീരിലെ സാംബ ജില്ലയുടെ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ കഴിഞ്ഞ ദിവസം സംശായ്‌സ്പദമായി ഡ്രോണുകള്‍ കണ്ടിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി ശാന്തമാണെന്നുമാണ് സൈന്യം അറിയിച്ചത്.

അതിനിടെ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പൂഞ്ചിലെത്തി സാഹചര്യം വിലയിരുത്തി. ഷെല്ലിംഗില്‍ വലിയ നഷ്ടം നേരിട്ട പ്രദേശമായിരുന്നു പൂഞ്ച്. 13 പേര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. പൂഞ്ചിന്റെ വേദന നമ്മുടേത് കൂടിയാണെന്നും ആക്രമണത്തെ പ്രതിരോധിച്ച ജനതയ്ക്ക് തന്റെ സല്യൂട്ട് എന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട എയര്‍പോര്‍ട്ടുകളില്‍ വിമാന സര്‍വീസ് സാധാരണ ഗതിയിലേക്കാണ്. എല്ലാ സര്‍വീസുകളും ഇന്ന് മുതല്‍ പുനസ്ഥാപിക്കുമെന്ന് എയര്‍ലൈനുകള്‍ അറിയിച്ചു. അതിനിടെ ചണ്ഡീഗഢ് ഉള്‍പ്പെടെ ആറ് പ്രധാനപ്പെട്ട നഗരങ്ങളിലെ സര്‍വ്വീസ് എയര്‍ ഇന്ത്യ റദ്ദാക്കി. ജമ്മു, ലേഹ്, ജോദ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഢ്, രാജ്‌കോട് തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്.

Content Highlights: Jammu returns to normalcy schools to open today

To advertise here,contact us