ഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ടുമണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇതാദ്യമായാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പഹല്ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യാ-പാകിസ്താന് സംഘര്ഷം രൂക്ഷമായിരുന്നു. തുടര്ന്നുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങള്ക്കുശേഷം ശേഷം കഴിഞ്ഞ ദിവസം വെടിനിര്ത്തല് പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് പ്രധാനമന്ത്രി ഇപ്പോള് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
അതേസമയം, ഭാവിയില് പാക് ആക്രമണം ഉണ്ടായാല് നേരിടാന് ഇന്ത്യ സജ്ജമാണെന്ന് സേന വ്യക്തമാക്കി. കര-വ്യോമ-നാവിക സേന മേധാവിമാരുടെ സംയുക്ത വാര്ത്താസമ്മേളനത്തിലാണ് പ്രതികരണം. തീവ്രവാദികള്ക്ക് വേണ്ടി പാകിസ്താന് സൈന്യം ഇടപെടാന് തീരുമാനിച്ചത് ദയനീയമാണ്. അതിനാലാണ് ഇന്ത്യ തിരിച്ചടിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച 'ആകാശ് സംവിധാനം' വിജയകരമായിരുന്നു. പാകിസ്താന്റെ നിരവധി ഡ്രോണുകളുള്പ്പെടെ ഇന്ത്യന് വ്യോമസേന തകര്ത്തുവെന്നും സേന വ്യക്തമാക്കി.
കറാച്ചിയിലും ആക്രമണം നടത്തിയെന്ന് സേന വിശദീകരിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള് പ്രതിരോധ മതിലായി പ്രവര്ത്തിച്ചു. സമുദ്രാതിര്ത്തിയില് ഏരിയല് സര്വ്വെയും ശക്തമാക്കി. സേനയുടെ പ്രതിരോധ സംവിധാനങ്ങള് അടുത്ത പ്രതിരോധത്തിനായി സജ്ജമാണെന്നും സേന വ്യക്തമാക്കി. ഇന്ത്യയെ ആക്രമിക്കാന് പാകിസ്താന് ഉപയോഗിച്ച പിഎല്-15 ലോങ് റേഞ്ച് മിസൈലും സേന പ്രദര്ശിപ്പിച്ചു. ഇന്ത്യ തകര്ത്ത ഡോണുകളുടെ ചിത്രവും സേന പ്രദര്ശിപ്പിച്ചു.
Content Highlights: prime minister narendra modi to address nation today at 8pm