ലക്നൗ: ഉത്തർപ്രദേശിൽ കണ്ണില്ലാത്ത ക്രൂരത. ഉത്തർപ്രദേശിലെ നോയിഡയയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നായയെ കെട്ടിവലിച്ചിഴച്ച പ്രതി പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവർ നിതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസാന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്.
അമിത വേഗതയിലോടുന്ന ഓട്ടോറിക്ഷയ്ക്ക് പിറകിൽ നായയെ കയറുകൊണ്ട് കെട്ടിയിട്ട് നിഷ്കരുണം വലിച്ചിഴയ്ക്കുകയായിരുന്നു. നായ ഓടുംതോറും വാഹനത്തിന്റെ വേഗതയും പ്രതി കൂട്ടുന്നുണ്ടായിരുന്നു. നായയുടെ വയർ ടാറിട്ട റോഡിലുരഞ്ഞ് പരിക്കേറ്റു. വേദന കൊണ്ട് പുളയുന്ന നായ ഓട്ടോയ്ക്കൊപ്പം ഓടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
നായയെ കെട്ടിവലിച്ചിഴച്ച ഓട്ടോയ്ക്ക് പിറകെ വന്ന വാഹനം ദൃശ്യങ്ങൾ പകർത്തിയതോടെയാണ് ഈ ക്രൂരസംഭവം പുറംലോകമറിയുന്നത്.വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് ഓട്ടോറിക്ഷ ഡ്രൈവർ നിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
content highlights : Man arrested after video of dog tied to auto and dragged for several metres goes viral