ഉഡുപ്പി: ചിത്രീകരണം നടക്കുന്ന കാന്താര 2 വിലെ പ്രധാന അഭിനേതാക്കളിലൊരാളായ രാകേഷ് പൂജാരി മരിച്ചു. ഹൃദയാഘാതത്തെ തുടര്ന്നാണ് മരണം. 33 വയസായിരുന്നു.
ഉഡുപ്പിയിലെ മിയാറില് സുഹൃത്തിന്റെ മെഹന്ദി ചടങ്ങില് പങ്കെടുക്കവേ നടന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്ച്ചയോടെയായിരുന്നു അന്ത്യം.
കന്നഡ - തുളു ടെലിവിഷന് താരം കൂടിയായ രാകേഷ് പൂജാരി കോമഡി റിയാലിറ്റിയായ കോമഡി കില്ലാഡികളിലെ വിജയിയുമായിരുന്നു. ഇതിന് പിന്നാലെ കന്നഡ-തുളു സിനിമകളില് സജീവമായി തുടങ്ങുകയായിരുന്നു താരം.
ഞായറാഴ്ച കാന്താരയുടെ ഷൂട്ട് പൂര്ത്തിയാക്കിയാണ് മെഹന്ദി ചടങ്ങിലേക്ക് രാകേഷ് എത്തിയത്. സിനിമയിലെ രാകേഷിന്റെ ഭാഗങ്ങളുടെ ഷൂട്ട് പൂര്ത്തിയായി എന്നാണ് റിപ്പോര്ട്ടുകള്. നടന്റെ വിയോഗത്തില് അസ്വാഭാവിക മരണത്തിന് കര്കാല ടൗണ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
നേരത്തെ, കാന്താര 2 വിലെ ജൂനിയര് ആര്ട്ടിസ്റ്റായിരുന്ന മലയാളി യുവാവ് നദിയില്
മുങ്ങിമരിച്ചിരുന്നു. വൈക്കം സ്വദേശിയായ എം എഫ് കപിലനായിരുന്നു നദിയില് മുങ്ങി മരിച്ചത്. മെയ് ആറിനായിരുന്നു സംഭവം. കൊല്ലൂരിലെ സൗപര്ണിക നദിയില് സഹപ്രവര്ത്തകരോടൊപ്പം കുളിക്കാനിറങ്ങിയ കപിലന് മുങ്ങിത്താഴുകയായിരുന്നു. ഈ ദിവസം സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നില്ലെന്ന് പിന്നീട് കാന്താര ടീം അറിയിച്ചിരുന്നു.
Content Highlights: Kantara 2 actor Rakesh Poojari passed away