പട്ന: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറില് ദളിത് നേതാവ് കോണ്ഗ്രസില് ചേര്ന്നു. ദളിത് റൈറ്റ്സ് ഫോറം നേതാവ് മനീഷ് പാസ്വാന് ആണ് കോണ്ഗ്രസില് ചേര്ന്നത്. ബിഹാര് പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി (ബിപിസിസി) ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന് രാജേഷ് റാം, ഗുജറാത്ത് കോണ്ഗ്രസ് വര്ക്കിംഗ് പ്രസിഡന്റും എംഎല്എയുമായ ജിഗ്നേഷ് മേവാനി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മനീഷ് പാര്ട്ടി അംഗത്വം സ്വീകരിച്ചത്.
ജാതി രാഷ്ട്രീയം തെരഞ്ഞെടുപ്പ് ഫലങ്ങളില് നിര്ണായക പങ്ക് വഹിക്കുന്ന ബിഹാറില് ദളിത് വിഭാഗങ്ങള്ക്കിടയില് തങ്ങള്ക്കുളള പിന്തുണ വര്ധിപ്പിക്കാനുളള കോണ്ഗ്രസിന്റെ നീക്കമായാണ് മനീഷ് പാസ്വാന്റെ വരവ് വിലയിരുത്തപ്പെടുന്നത്. ബിഹാറില് അരികുവത്കരിക്കപ്പെട്ട ദളിതര്ക്കും ന്യൂനപക്ഷങ്ങള്ക്കും വേണ്ടി ശബ്ദമുയര്ത്തുന്ന, ജാതി വിവേചനത്തിനെതിരെ നിരന്തരം പ്രക്ഷോഭങ്ങള് സംഘടിപ്പിക്കുന്ന നേതാവാണ് മനീഷ് പാസ്വാന്. കോണ്ഗ്രസ് പാര്ട്ടി ചരിത്രപരമായി ഇന്ത്യയിലുടനീളം ദളിതര്ക്കൊപ്പം നിലകൊണ്ടിട്ടുളള പാര്ട്ടിയാണെന്ന് മനീഷ് പാസ്വാന് പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചുകൊണ്ടുപോകുന്ന പാര്ട്ടിയുടെ പാരമ്പര്യമാണ് തന്നെ കോണ്ഗ്രസില് ചേരാന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
രാജ്യത്തെ ദളിതരുടെ ഏക പ്രതീക്ഷയാണ് രാഹുല് ഗാന്ധിയെന്നും അതുകൊണ്ടാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില് നിന്നുളള ദളിത് നേതാക്കള് കോണ്ഗ്രസില് ചേരുന്നതെന്നും ജിഗ്നേഷ് മേവാനി എംഎല്എ പറഞ്ഞു. 'ദളിതരുടെയും ആദിവാസികളുടെയും പിന്നാക്ക വിഭാഗക്കാരുടെയും അവകാശങ്ങള് സംരക്ഷിക്കുന്നതിനായി നിരന്തരം ശബ്ദമുയര്ത്തുന്ന രാഹുല് ഗാന്ധി രാജ്യത്തെ യുവാക്കള്ക്കിടയില് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. യുവാക്കള്ക്ക് കോണ്ഗ്രസില് വലിയ പ്രതീക്ഷയുണ്ടെന്നാണ് മനീഷ് പാസ്വാനെപ്പോലുളള നേതാക്കള് കോണ്ഗ്രസില് ചേരുന്നത് വ്യക്തമാക്കുന്നത്'- ജിഗ്നേഷ് മേവാനി കൂട്ടിച്ചേര്ത്തു.
Content Highlights: Dalit leader manish paswan joins congress in bihar