റാവൽപിണ്ടിയിലെ പാക് സൈനിക ആസ്ഥാനത്ത് വരെ ഇന്ത്യൻ സേനയുടെ ആഘാതം എത്തി: രാജ്നാഥ് സിങ്

ഭീകര പ്രവര്‍ത്തകര്‍ നിരവധി കുടുംബങ്ങളില്‍ നിന്ന് 'സിന്ദൂരം' മായ്ച്ചു കളഞ്ഞെന്നും ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നേടിക്കൊടുത്തെന്നും രാജ്‌നാഥ് സിങ് പറഞ്ഞു

ന്യൂഡല്‍ഹി: റാവല്‍പിണ്ടിയിലെ പാകിസ്താന്‍ സൈന്യത്തിന്റെ ആസ്ഥാനത്ത് വരെ ഇന്ത്യന്‍ സാധുയ സേനയുടെ ആഘാതം അനുഭവപ്പെട്ടതായി പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യന്‍ സൈന്യം പാകിസ്താന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു കൊണ്ടാണ് അവര്‍ക്ക് മറുപടി നല്‍കിയതെന്ന് രാജ്‌നാഥ് സിങ് എക്‌സില്‍ കുറിച്ചു.

'ഇന്ത്യന്‍ സൈന്യം മൂല്യവും ഊര്‍ജവും മാത്രമല്ല, സംയമനവും പാലിച്ചു. നിരവധി പാകിസ്താനി സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ശക്തമായ പ്രതികരണവും നല്‍കി. അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ മാത്രമായിരുന്നില്ല നമ്മുടെ പ്രവര്‍ത്തി. ഇന്ത്യന്‍ സൈന്യത്തിന്റെ ആഘാതം പാക് സൈന്യത്തിന്റെ ആസ്ഥാനമായ റാവല്‍പിണ്ടിയില്‍ വരെ പ്രതിഫലിച്ചു', അദ്ദേഹം പറഞ്ഞു.

भारतीय सेना ने शौर्य और पराक्रम के साथ-साथ संयम का भी परिचय देते हुए पाकिस्तान के अनेक सैन्य ठिकानों पर प्रहार करके करारा जवाब दिया है। हमने केवल सीमा से सटे सैन्य ठिकानों पर ही नहीं कार्रवाई की बल्कि भारत की सेनाओं की धमक उस रावलपिंडी तक सुनी गई जहाँ पाकिस्तानी फौज का…

ഭാരതമാതാവിന്റെ കിരീടത്തെ ഭീകരപ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് രാജ്‌നാഥ് സിങ് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ ബ്രഹ്‌മോസ് എയറോസ്‌പേസ് ഇന്റഗ്രേഷന്‍ ആന്‍ഡ് ടെസ്റ്റിങ് ഫെസിലിറ്റിയുടെ ഉദ്ഘാടന വേളയില്‍ പറഞ്ഞു. ഭീകര പ്രവര്‍ത്തകര്‍ നിരവധി കുടുംബങ്ങളില്‍ നിന്ന് 'സിന്ദൂരം' മായ്ച്ചു കളഞ്ഞെന്നും ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നേടിക്കൊടുത്തെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

'ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കി. ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു സൈനിക നടപടി മാത്രമല്ല. ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, തന്ത്രപരമായ ഇച്ഛാശക്തിയുടെ പ്രതീകമാണ്. ഭീകരപ്രവര്‍ത്തകര്‍ സുരക്ഷിതരായിരിക്കാന്‍ അനുവദിക്കില്ല. പാകിസ്താനിലെ സാധാരണ ജനങ്ങളെ ലക്ഷ്യം വച്ച് ഒരു ആക്രമണവും നടത്തിയിട്ടില്ല', രാജ്‌നാഥ് സിങ് പറഞ്ഞു.

പാകിസ്താന്‍ ഇന്ത്യയിലെ വിവിധ മേഖലകള്‍ ആക്രമിച്ചെന്നും പാകിസ്താന്‍ ക്ഷേത്രങ്ങളെയും ഗുരുദ്വാരകളെയും പള്ളികളെയും ആക്രമിക്കാന്‍ ശ്രമിച്ചെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത കനത്ത നടപടികള്‍ സ്വീകരിക്കുന്നത് നവഭാരത രീതി ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്‌മോസ് ശക്തി തെളിയിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബ്രഹ്‌മോസ് മിസൈലിന്റെ ശക്തിയെക്കുറിച്ച് പാകിസ്താനോട് ചോദിച്ചാല്‍ മനസ്സിലാകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഏതൊരു ഭീകരപ്രവര്‍ത്തനത്തെയും യുദ്ധമായി കണക്കാക്കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ടെന്നും തീവ്രവാദത്തെ പൂര്‍ണ്ണമായും തകര്‍ക്കുന്നതുവരെ പരിഹാരമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Content Highlights: Rajnath singh about Operation Sindoor and military operations

To advertise here,contact us