'പതിനാറാം വയസില്‍ പിതാവ് അഭിസാരികയെന്ന് വിളിച്ചിട്ടുണ്ട്'; വെളിപ്പെടുത്തി ഹിന്ദി സീരിയല്‍ താരം

നിനക്കൊപ്പമുണ്ടെന്ന് പറയാന്‍ ഒരു പിതാവിന്റെ സ്ഥാനത്ത് ആരുമുണ്ടായിരുന്നില്ലെന്നും ഷൈനി ദോഷി പറഞ്ഞു

മുംബൈ: പതിനാറാം വയസില്‍ പിതാവില്‍ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞ് ഹിന്ദി സീരിയല്‍ നടി ഷൈനി ദോഷി. പതിനാറ് വയസുളള തന്നെ പിതാവ് അഭിസാരികയെന്ന് വിളിച്ചിട്ടുണ്ടെന്ന് നടി പറയുന്നു. ചെറുപ്രായത്തില്‍ തന്നെ പിതാവ് കുടുംബം ഉപേക്ഷിച്ചുപോയെന്നും ആ പ്രായത്തില്‍ തനിക്ക് കുടുംബം നോക്കാനായി ജോലി ചെയ്യേണ്ടി വന്നെന്നും ഷൈനി പറഞ്ഞു. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചില്‍.

'അച്ഛന്‍ എന്നെ അഭിസാരികയെന്ന് വിളിക്കുമായിരുന്നു. മാഗസിനുകള്‍ക്കുവേണ്ടിയുളള അഹമ്മദാബാദിലെ ഫോട്ടോഷൂട്ട് ചിലപ്പോഴൊക്കെ പുലര്‍ച്ചെ വരെ നീളുമായിരുന്നു. അമ്മ എപ്പോഴും എന്റെ കൂടെതന്നെ ഉണ്ടാകുമായിരുന്നു. അന്നെനിക്ക് പതിനാറ് വയസാണ്. ഞങ്ങള്‍ വീട്ടിലേക്ക് തിരികെയെത്തുമ്പോള്‍ സുരക്ഷിതരായിരുന്നോ എന്ന് ചോദിക്കുന്നതിനുപകരം അദ്ദേഹം മോശം ഭാഷയില്‍ ആരോപണങ്ങളുന്നയിക്കുമായിരുന്നു. മകളെ വേശ്യാവൃത്തിക്ക് കൊണ്ടുപോവുകയാണോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്'-നിറകണ്ണുകളോടെ ഷൈനി ദോഷി പറഞ്ഞു.

പിതാവിനോട് ക്ഷമിക്കുമോ എന്ന സിദ്ധാര്‍ത്ഥിന്റെ ചോദ്യത്തിന്, അതിന് ഒരിക്കലും കഴിയില്ലെന്നാണ് ഷൈനി നല്‍കിയ മറുപടി. 'ജീവിതത്തിലെ അഴിച്ചുമാറ്റാന്‍ കഴിയാത്ത കെട്ടുകളാണ് അവ. അതൊക്കെ ജീവിതപാഠങ്ങളായാണ് ഞാന്‍ കാണുന്നത്. ചിലപ്പോഴൊക്കെ കൂടെ ആരുമില്ലെന്നും അശക്തയാണെന്നും തോന്നും. ഞാന്‍ നിനക്കൊപ്പമുണ്ടെന്ന് പറയാന്‍ ഒരു പിതാവിന്റെ സ്ഥാനത്ത് ആരുമുണ്ടായിരുന്നില്ല'- ഷൈനി കൂട്ടിച്ചേര്‍ത്തു. 2019-ല്‍ അമര്‍നാഥ് യാത്രക്കിടെ ഷൈനി ദോഷിയുടെ പിതാവ് മരണപ്പെട്ടു.

ഹിന്ദി ടെലിവിഷന്‍ രംഗത്ത് അറിയപ്പെടുന്ന നടിയാണ് ഷൈനി ദോഷി. സഞ്ജയ് ലീലാ ബന്‍സാലി നിര്‍മ്മിച്ച 'സരസ്വതി ചന്ദ്ര' എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. സീരിയലില്‍ നായികാ കഥാപാത്രത്തിന്റെ അനിയത്തിയായാണ് ഷൈനി വേഷമിട്ടത്. ഈ കഥാപാത്രം നടിയെ ശ്രദ്ധേയയാക്കി. പിന്നീട് ശ്രീമത് ഭഗവത് മഹാപുരാണ്‍, പാണ്ഡ്യ സ്റ്റോര്‍സ് തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

Content Highlights: father called me prostitute when i was 16 says hindi serial actress shiny doshi

To advertise here,contact us