70 ലക്ഷം രൂപ കൈക്കൂലി വാങ്ങി; ഹൈദരാബാദിൽ ഇൻകം ടാക്‌സ് കമ്മീഷണറടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ

കൈക്കൂലി പണത്തിന് പുറമേ റെയ്ഡില്‍ നിന്നും 69 ലക്ഷം രൂപ കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

ഹൈദരാബാദ്: കൈക്കൂലിക്കേസില്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. ഷപൂര്‍ജി പല്ലൊഞ്ചി ഗ്രൂപ്പിന് അനുകൂലമായി അപ്പീല്‍ ഒത്തുതീര്‍പ്പാക്കാന്‍ 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇന്‍കം ടാക്‌സ് കമ്മീഷണറായ ജീവന്‍ ലാല്‍ ലാവിഡിയ അറസ്റ്റിലായത്. ഷപൂര്‍ജി പല്ലൊഞ്ജി ഗ്രൂപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കാന്തിലാല്‍ മെഹ്ത, സായിറാം പലിസെട്ടി, നട്ട വീര നാഗ ശ്രീ റാം ഗോപാല്‍, സജിത മജ്ഹര്‍ ഹുസൈന്‍ ഷാ എന്നിവരെയും അറസ്റ്റ് ചെയ്തു.

സജിത മജ്ഹര്‍ ഹുസൈന്‍ ഷായാണ് ജീവന്‍ലാലിന് കൈക്കൂലി നല്‍കിയതെന്ന് സിബിഐ പറയുന്നു. ആകെ 14 പേര്‍ക്കെതിരെയാണ് സിബിഐ എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇടനിലക്കാരന്റെ ഒത്താശയോടെ അഴിമതിയും നിയമവിരുദ്ധവുമായ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഹൈദരാബാദില്‍ ആദായനികുതി വകുപ്പ് കമ്മീഷണറായ ജീവന്‍ലാല്‍ ഇടനിലക്കാര്‍ വഴിയാണ് കൈക്കൂലി വാങ്ങിയിരുന്നത്.

മുംബൈയില്‍വെച്ച് ഇയാളുടെ ഇടനിലക്കാര്‍ കൈക്കൂലി തുകയായ 70 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് സിബിഐ സംഘം ഇവരെ പിടികൂടിയത്. അറസ്റ്റിലായ സായ്റാം എന്നയാളാണ് ജീവന്‍ലാലിന്റെ ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മുംബൈ, ഹൈദരാബാദ്, ഖമ്മം, വിശാഖപട്ടണം, ന്യൂഡല്‍ഹി തുടങ്ങിയ 18 സ്ഥലങ്ങളില്‍ റെയ്ഡ് നടന്നിട്ടുണ്ട്. കൈക്കൂലി പണത്തിന് പുറമേ റെയ്ഡില്‍ നിന്നും 69 ലക്ഷം രൂപ കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതികളെ മുംബൈ, ആന്ധ്ര പ്രദേശ്, തെലങ്കാന സിബിഐ കോടതികളില്‍ ഹാജരാക്കി. 2004 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫീസറാണ് ജീവന്‍ ലാല്‍ ലാവിഡിയ. അതേസമയം അറസ്റ്റിനെ കുറിച്ച് ഷപൂര്‍ജി പല്ലൊഞ്ജി ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

Content Highlights: CBI arrest Income Tax Commissioner in Hyderabad for bribery

To advertise here,contact us