'ഓപ്പറേഷൻ ബുന്യാൻ-ഉൽ-മർസൂസ്'; ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിന് പാകിസ്താൻ പേര് നൽകിയെന്ന് റിപ്പോർട്ട്

'പാകിസ്താൻ 'ഓപ്പറേഷൻ 'ബുന്യാൻ-ഉൽ-മർസൂസ്' ആരംഭിച്ചിരിക്കുന്നു' എന്ന് റേഡിയോ പാകിസ്താൻ റിപ്പോർട്ട് ചെയ്തു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

ന്യൂഡൽഹി: ഇന്ത്യയിലേയ്ക്ക് ഡ്രോണുകളും മിസൈലുകളും അയച്ചുള്ള ആക്രമണത്തിന് പാകിസ്താൻ ഓപ്പറേഷൻ ''ബുന്യാൻ-ഉൽ-മർസൂസ്' എന്നാണ് പേര് നൽകിയിരിക്കുന്നതെന്ന് പാകിസ്താൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 'പാകിസ്താൻ ഓപ്പറേഷൻ 'ബുന്യാൻ-ഉൽ-മർസൂസ്'' ആരംഭിച്ചിരിക്കുന്നു' എന്ന് റേഡിയോ പാകിസ്താൻ റിപ്പോർട്ട് ചെയ്തു എന്നാണ് ഇൻഡ്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

ശനിയാഴ്ച പുലർച്ചെ പാകിസ്താൻ ഇന്ത്യയിലേക്ക് ഡ്രോണുകളും മിസൈലുകളും തൊടുത്ത് വിട്ടിരുന്നു. ഫാത്തേ 1 മിസൈലുകളും ആക്രമണത്തിനായി പാകിസ്താൻ ഉപയോ​ഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യൻ സൈനിക വൃത്തങ്ങൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാകിസ്താൻ്റെ മിസൈൽ ശേഖരത്തിലെ പ്രധാനപ്പെട്ട ബാലസ്റ്റിക് മിസൈലുകളിൽ ഒന്നാണ് ഫത്താ-1. എന്നാൽ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തെ മറികടക്കാൻ ഫത്താ-1ന് സാധിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്.

ഇന്ത്യയ്ക്കെതിരായ ആക്രമണത്തിന് പാകിസ്താൻ നൽകിയിരിക്കുന്ന ഓപ്പറേഷൻ 'ബുന്യാൻ-ഉൽ-മർസൂസ്' അല്ലെങ്കിൽ 'ബുന്യാൻ-അൽ-മർസൂസ്' എന്നതിൻ്റെ അർത്ഥം 'ഈയത്തിന്റെ ഉറച്ച മതിൽ' എന്നാണ്. ഖുർആനിലെ ഒരു വാക്യമാണ് 'ബുന്യാൻ-ഉൽ-മർസൂസ്'എന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. "ബുന്യാൻ മർസൂസ് എന്നത് ഒരു അറബി പദമാണ് എന്നാണ് അൽ ജസീറ പറയുന്നത്.

ഏപ്രിൽ 22-ന് പഹൽഗാമിൽ വിനോദ സഞ്ചാരികൾ അടക്കം 26 പേ‍ർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക് അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലേയും ഭീകരസംഘടനകളുടെ കേന്ദ്രങ്ങൾ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താൻ വ്യാപകമായ ഡ്രോൺ, ഷെൽ, മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചത്. 1971ലെ യുദ്ധത്തിനുശേഷം ആദ്യമായിട്ടായിരുന്നു പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു കേന്ദ്രത്തിൽ ഇന്ത്യ ആക്രമണം നടത്തുന്നത്. അതിർത്തിയിൽ നിന്ന് 100 കിലോമീറ്ററിലധികം ദൂരെയുള്ള പഞ്ചാബ് പ്രവിശ്യയിലെ ഭീകരക്യാമ്പുകൾ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാ​ഗമായി ആക്രമിച്ചിരുന്നു.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയിലെ ഗുരുദ്വാരകൾ, കോൺവെന്റുകൾ, ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ജനവാസ മേഖലകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ പാകിസ്താൻ ആരംഭിച്ചത്. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകൾ മാത്രമായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യയുടെ ആക്രമണത്തിൽ ഒരു സാധാരണക്കാരന് പോലും ജീവഹാനി സംഭവിച്ചിരുന്നില്ല. എന്നാൽ പാകിസ്താൻ്റെ ആക്രമണങ്ങൾ ഇന്ത്യയിലെ ജനവാസ മേഖലയെയാണ് നിരന്തരം ലക്ഷ്യം വെയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓപ്പറേഷൻ'ബുന്യാൻ-ഉൽ-മർസൂസ്' എന്ന് പേരിട്ടാണ് പാകിസ്താൻ ആക്രമണം നടത്തുന്നതെന്ന് പാകിസ്താൻ മാധ്യമങ്ങൾ പറഞ്ഞതായി റിപ്പോർട്ടുകൾ വരുന്നത്.

Content Highlights: Pakistan's Operation Bunyan Ul Marsoos Report

To advertise here,contact us