ന്യൂഡല്ഹി: 2021 ഡിസംബര് മുതല് എസ് സി എസ് ടി അതിക്രമം സംബന്ധിച്ച് ദേശീയ ഹെല്പ് ലൈന് നമ്പറിലേക്ക് വന്നത് 6.5 ലക്ഷം കോളുകള്. ഇതില് പകുതിയിലധികം കോളുകളും വന്നിരിക്കുന്നത് ഉത്തര്പ്രദേശ് ജില്ലയില് നിന്നാണെന്നും കണക്കുകള് വ്യക്തമാക്കുന്നു. അതില് 7,135 എണ്ണം പരാതികളായി രജിസ്റ്റര് ചെയ്യുകയും 4,314 കോളുകളില് പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്.
എസ് സി എസ് ടി വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് 2021 ല് ഹെല്പ് ലൈന് ആരംഭിച്ചത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്ക്ക് പുറമെ പ്രാദേശിക ഭാഷകളിലും പരാതി അറിയിക്കാം. നിയമ സംബന്ധമായ മാര്ഗനിര്ദേശങ്ങള്ക്കായാണ് കോളുകളില് കൂടുതലും വന്നിരിക്കുന്നതെന്ന് മുതിര്ന്ന ഉദ്യോഗസ്ഥന് പ്രതികരിച്ചു. അതിക്രമം, സാമൂഹിക ബഹിഷ്കരണം, ചൂഷണം, ഭൂമി കൈവശപ്പെടുത്തല് ഉള്പ്പെടെയുള്ള കാര്യങ്ങള് ഹെല്പ് ഡെസ്കില് പരാതിപ്പെടാം.
ഉത്തര്പ്രദേശില് നിന്ന് മാത്രം 3,33,516 കോളുകളാണ് ഹെല്പ് ഡെസ്കിലേക്ക് വന്നത്. അതില് 1825 എണ്ണം പരാതികളായി രജിസ്റ്റര് ചെയ്യുകയും 1515 എണ്ണം പരിഹരിക്കുകയും ചെയ്തെന്ന് സാമൂഹിക നീതി വകുപ്പ് പറയുന്നു. രണ്ടാമത് ബിഹാര് ആണ്. 58,112 കോളുകളാണ് ബിഹാറില് നിന്നും വന്നത്. ഇതില് 718 എണ്ണം പരാതികളായി രജിസ്റ്റര് ചെയ്യുകയും 707 എണ്ണം പരിഹരിക്കുകയും ചെയ്തെന്നാണ് കണക്കുകള്.
മഹാരാഷ്ട്രയില് 268 പരാതികള് രജിസ്റ്റര് ചെയ്തെങ്കിലും ഒന്നുപോലും പരിഹരിക്കപ്പെട്ടിട്ടില്ല. ഗോവയില് നിന്നുള്ള ഒരു പരാതി രജിസ്റ്റര് ചെയ്തെന്നും ഇത് പരിഹരിച്ചില്ലെന്നുമാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. മധ്യപ്രദേശ്, തമിഴ്നാട്, ഡല്ഹി, ഹരിയാന, കര്ണ്ണാടക സംസ്ഥാനങ്ങളില് നിന്നും നിരവധി കോളുകള് വന്നെങ്കിലും പരാതികളായി രജിസ്റ്റര് ചെയ്യുകയും നടപടിയെടുക്കുകയും ചെയ്ത കേസുകള് കുറവാണ്. ലഭിച്ച പരാതികള് പരിഹരിച്ച സംസ്ഥാനങ്ങളില് മുന്നില് നില്ക്കുന്നത് ഹരിയാനയാണ്. 392 പരാതികള് രജിസ്റ്റര് ചെയ്തതില് 379 പരാതികളും പരിഹരിച്ചു.
Content Highlights: Over 6.5 lakh calls received on SC/ST atrocities helpline since 2021 up in first