തിരിച്ചടി തുടർന്ന് ഇന്ത്യ; പാക് പോസ്റ്റുകളും ഭീകരരുടെ ലോഞ്ച് പാഡുകളും തകർത്തു; ദൃശ്യങ്ങൾ

പാക് പോസ്റ്റുകളും ഭീകരരുടെ ലോഞ്ച് പാഡുകളും തകർത്ത് ഇന്ത്യ

ജമ്മു: ഇന്ത്യ പാക് സംഘർഷത്തിനിടെ പാകിസ്താൻ പോസ്റ്റുകളും ഭീകരരുടെ ലോഞ്ച് പാഡുകളും തകർത്ത് ഇന്ത്യ. ജമ്മുവിലെ സൈനികകേന്ദ്രങ്ങളിൽനിന്നുള്ള ആക്രമണത്തിലൂടെയാണ് പാക് പോസ്റ്റുകളും ലോഞ്ച് പാഡുകളും ഇന്ത്യ തകർത്തത്. ഇവയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.

#WATCH | Pakistani Posts and Terrorist Launch Pads from where Tube Launched Drones were also being launched, have been destroyed by the Indian Army positioned near Jammu: Defence Sources(Source - Defence Sources) pic.twitter.com/7j9YVgmxWw

അതേസമയം, ചെനാബ് നദിക്ക് കുറുകെയുള്ള സലാൽ ഡാമിന്റെയും, ബഗ്ലിഹാർ ഡാമിന്റെയും കൂടുതൽ ഷട്ടറുകൾ ഇന്ത്യ തുറന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു. സലാൽ ഡാമിന്റെ അഞ്ച് ഷട്ടറുകളാണ് തുറന്നത്. ചെനാബ് നദിയിലാണ് ഈ ഡാമുകൾ സ്ഥിതി ചെയ്യുന്നത്. നേരത്തെയും ഡാമിന്‍റെ ഷട്ടറുകൾ പലഘട്ടങ്ങളിലായി തുറന്നിരുന്നു. കൂടുതൽ വെള്ളം പുറത്തേക്കൊഴുകുന്നതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമോ എന്ന ഭീതി നിലനിൽക്കുകയാണ്.

സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രാലയം വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും കേണൽ സോഫിയ ഖുറേഷിയും വിങ് കമാന്റന്റ് വ്യോമിക സിങ്ങും മാധ്യമങ്ങളെ കാണും. ഇന്ന് രാവിലെ 10.30നാണ് വാർത്താസമ്മേളനം. നേരത്തേ പുലർച്ചെ 5.45 ന് വാർത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. നിയന്ത്രണ രേഖയിൽ പലയിടത്തും ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യമാണ് ഉള്ളത്. പൂഞ്ച്, അഗ്നൂർ, രജൗരി മേഖലയിൽ ഇന്ന് രാവിലെയും പാക് പ്രകോപനം ഉണ്ടായി.

സുരക്ഷ മുൻനിർത്തി രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചിട്ടുണ്ട്. ശ്രീനഗറും അമൃത്സറും അടക്കമുള്ള വിമാനത്താവളങ്ങള്‍ മെയ് 15 വരെയാണ് അടച്ചിടുക. അധംപൂര്‍, അംബാല, അമൃത്സര്‍, അവന്തിപൂര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനീര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മര്‍, ജാംനഗര്‍, ജോദ്പൂര്‍, കാണ്ട്‌ല, കാന്‍ഗ്ര, കേശോദ്, കിഷന്‍ഗഢ്്, കുളു മണാലി, ലേഹ്, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്യാല, പോര്‍ബന്തര്‍, രാജ്കോട്ട് സര്‍സാവ, ഷിംല, ശ്രീനഗര്‍, തോയിസ്, ഉത്തര്‍ലായ് വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിര്‍ദേശപ്രകാരം അടച്ചത്.

Content Highlights: Indian army destroys pak post and terrorist launch pads

To advertise here,contact us