ഓപ്പറേഷന്‍ സിന്ദൂര്‍;ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കി രേവന്ത് റെഡ്ഡി

ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് എംഎൽഎമാർക്കും സമാനമായ നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷം ശക്തമായിരിക്കെ ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിനും ധീരമായി പോരാടുന്ന രാജ്യത്തിന്റെ സായുധ സേനകൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായിയാണ് സംഭാവന നൽകാൻ തീരുമാനിച്ചതെന്നും രേവന്ത് റെഡ്ഡി എക്സിൽ കുറിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് എംഎൽഎമാർക്കും സമാനമായ നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പഞ്ചാബിലെ ഫിറോസ്പൂരിലെ ജനവാസമേഖലയിൽ ഡ്രോണ്‍ ആക്രമണമുണ്ടായി. അതിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റതായും എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവന്തിപ്പുരയില്‍ ഡ്രോണ്‍ വെടിവെച്ചിട്ടു. അതിര്‍ത്തിയിലെ മൂന്ന് ജില്ലകളില്‍ നിന്നുളളവരെ ബങ്കറുകളിലേക്ക് മാറ്റി. അമൃത്സറില്‍ നാല് ഡ്രോണുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. അമൃത്സര്‍ വിമാനത്താവളം മെയ് 15 വരെ അടച്ചിടും.

'ഡ്രോണാക്രമണത്തില്‍ പരിക്കേറ്റവരില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. അവര്‍ക്ക് ഗുരുതരമായി പൊളളലേറ്റിട്ടുണ്ട്. മറ്റ് രണ്ടുപേര്‍ക്കും പൊളളലേറ്റിട്ടുണ്ട്. അവരെ എത്തിച്ചയുടന്‍ തന്നെ ചികിത്സ ആരംഭിച്ചു. പരിക്കേറ്റ മൂന്നുപേരും ഒരു കുടുംബത്തില്‍ നിന്നുളളവരാണ്'- ഡോക്ടര്‍ കമാല്‍ ബാഗി പറഞ്ഞു.

ജമ്മു കശ്മീരിലെ പല മേഖലകളിലും സ്‌ഫോടന ശബ്ദങ്ങളും സൈറണുകളും കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ജമ്മു, സാംബ, പത്താന്‍കോട്ട് എന്നിവിടങ്ങളില്‍ ഡ്രോണ്‍ കണ്ടെത്തിയതായും അവ പരിശോധിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlight: Operation Sindoor; Telangana CM donates one month's salary to National Defense Fund

To advertise here,contact us