ശ്രീനഗര്: സാംബയില് നിന്നും വന് സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി റിപ്പോര്ട്ട്. സാംബയില് നിന്നും സ്ഫോടനത്തിന്റെ ശബ്ദം കേട്ടെന്നും പാകിസ്താന് ഡ്രോണുകളെ ഇന്ത്യന് വ്യോമ പ്രതിരോധം നിര്വീര്യമാക്കുന്നതിനിടയിലാണ് സ്ഫോടന ശബ്ദം കേട്ടതെന്നും വാര്ത്താ ഏജന്സിയായ എഎന്ഐ റിപ്പോര്ട്ട് ചെയ്യുന്നു.
ജമ്മുവില് വീണ്ടും പൂര്ണമായ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജമ്മുവിലെ അഖ്നൂര് മേഖലയിലാണ് ബ്ലാക്ക് ഔട്ട്. സൈറണും മുഴങ്ങിയിട്ടുണ്ട്. ജമ്മു, പഠന്കോട്ട്, സാംബ എന്നിവിടങ്ങളില് പാകിസ്താന് ഡ്രോണുകള് കണ്ടെന്ന് പ്രതിരോധ വകുപ്പിലെ സ്രോതസുകളെ ഉദ്ധരിച്ച് എഎന്ഐ റിപ്പോര്ട്ട് ചെയ്യുന്നു. പഞ്ചാബിലെ ഫിറോസ്പൂറിലും സൈറണ് മുഴങ്ങുകയും സ്ഫോടന ശബ്ദം കേള്ക്കുകയും ചെയ്തു. നിലവില് ഫിറോസ്പൂറിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പലതവണ പാകിസ്താന് ഇന്ത്യയുടെ വ്യോമാതിര്ത്തി ലംഘിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സൈനിക കേന്ദ്രങ്ങളും പാകിസ്താന് ലക്ഷ്യമിട്ടു. ആക്രമണങ്ങളെല്ലാം ഇന്ത്യന് സൈന്യം ചെറുത്ത് ശക്തമായ തിരിച്ചടി നല്കി. പാകിസ്താനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നിന്നുവെന്നും വിദേശകാര്യമന്ത്രാലയം വാര്ത്താസമ്മേളനത്തില് അറിയിച്ചിരുന്നു.
പാകിസ്താന് ആക്രമണത്തില് രണ്ട് കുട്ടികള് മരിച്ചെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞിരുന്നു. ജമ്മുവിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്കൂളിന് സമീപം പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തിലാണ് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടത്. രക്ഷിതാക്കള്ക്കും പരിക്കേറ്റിട്ടുണ്ട്. ഷെല്ലാക്രമണ സമയത്ത് സ്കൂള് ജീവനക്കാരില് ഭൂരിഭാഗം ആളുകളും നാട്ടുകാരും സ്കൂളിലെ ഭൂഗര്ഭ അറയില് അഭയം തേടിയിരുന്നു. സ്കൂള് അടച്ചിട്ടിരുന്നതിനാല് കൂടുതല് അപകടം ഒഴിവായെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിക്കുകയായിരുന്നു.
Content Highlights: Operation Sindoor black out declared in Jammu