ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ച നടപടികളിലൊന്നായ സിന്ധുനദിജല കരാർ റദ്ദാക്കിയതിൻ്റെ ഭാഗമായുള്ള നടപടികൾ ആരംഭിച്ചു. സിന്ധുനദിയിലെ ജലം നാല് സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാനാണ് നിലവിലെ തീരുമാനം. രാജസ്ഥാൻ, ഹരിയാന, ഹിമാചൽ പ്രദേശ്, ദില്ലി എന്നിവിടങ്ങളിലേക്കാണ് തിരിച്ചുവിടുക. ഈ സംസ്ഥാനങ്ങളിലെ ഗാർഹിക ആവശ്യങ്ങൾക്കായി ജലം ഉപയോഗിക്കാമെന്നാണ് അറിയിപ്പ്.
സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന് വേണ്ടിയിരുന്ന ജലമാണ് വഴിതിരിച്ച് വിടുന്നത്. യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് കേന്ദ്ര ജലവിഭവമന്ത്രി സി ആർ പാട്ടീൽ അറിയിച്ചു. ഇന്ത്യയുടെ ജലം ഇന്ത്യയ്ക്ക് അനുകൂലമായി ഒഴുക്കുമെന്നാണ് കേന്ദ്ര ജലശക്തി മന്ത്രാലയത്തിൻ്റെ നിലപാട്. ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് കേന്ദ്ര ജലവിഭവമന്ത്രി സി ആർ പാട്ടീൽ നിലപാട് അറിയിച്ചത്.
ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക് മാത്രമാണെന്ന് മുൻപ് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നുവെന്നും ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനകത്ത് തന്നെ ഒഴുകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ദേശീയ മാധ്യമമായ എബിപി ന്യൂസിന്റെ പരിപാടിയിലാണ് വിഷയത്തില് പ്രധാനമന്ത്രി പ്രതികരിച്ചത്.
അതിനിടെ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ 24 വിമാനത്താവളങ്ങള് അടച്ചു. ചണ്ഡിഗഡ്, ശ്രീനഗര്, അമൃത്സര്, ലുധിയാന, ഭന്തര്, കിഷന്ഗഡ്, പട്ട്യാല, ഷിംല. കന്ഗ്ര, ഭട്ടീന്ദ, ജയ്സാല്മര്, ജോദ്പുര്, ബിക്കാനെര്, ഹല്വാര, പത്താന്കോട്ട്, ജമ്മു, ലേഹ്, മുന്ദ്ര, ജാംനഗര്, ഹിരാസര് (രാജ്കോട്ട്), പോര്ബന്ദര്, കേശോദ്, കാണ്ഡല, ഭൂജ് തുടങ്ങി 24 വിമാനത്താവളങ്ങളാണ് അടച്ചത്. ചെന്നൈയില് നിന്ന് പുറപ്പെടേണ്ട അഞ്ച് സര്വീസുകളും എത്തിച്ചേരേണ്ട അഞ്ച് സര്വീസുകളും റദ്ദാക്കിയതായി റിപ്പോര്ട്ടുകളുണ്ട്. മുംബൈയ്ക്കുള്ള രണ്ട് സര്വീസുകളും ഗാസിയാബാദിനടുത്തുള്ള ഹിന്ഡന്, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സര്വീസുകളും റദ്ദാക്കി. ബെംഗളൂരുവില് നിന്ന് ഉത്തരേന്ത്യന് അതിര്ത്തി മേഖലകളിലേയ്ക്കുള്ള സര്വീസുകള് ഇന്നലെയും മുടങ്ങി. അമൃത്സര്, ചണ്ഡിഗഡ്, ശ്രീനഗര് തുടങ്ങിയ വിമാനത്താവളങ്ങളിലേയ്ക്കുള്പ്പെടെ 29 സര്വീസുകള് ബുധനാഴ്ച റദ്ദാക്കിയിരുന്നു.
Content Highlights- India begins process; Decision to divert Indus River water to 4 Indian states