'ശ്രീനഗർ വിമാനത്താവളത്തിനും തെക്കൻ കശ്മീരിലെ അവന്തിപുര എയർ ബേസിനും നേരെയുണ്ടായ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി

ബരാമുള്ളയിലും ഡ്രോണുകള്‍ കണ്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

ജമ്മു: ശ്രീനഗര്‍ വിമാനത്താവളത്തിനും തെക്കന്‍ കശ്മീരിലെ അവന്തിപുര എയര്‍ബേസിനും നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം പരാജയപ്പെടുത്തിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള പാകിസ്താന്റെ ആക്രമണത്തെ ഇന്ത്യ ചെറുത്തതിന്റെ രണ്ടാം ദിനമാണ് വീണ്ടും പാകിസ്താന്റെ ഭാഗത്ത് നിന്നും ആക്രമണ ശ്രമമുണ്ടായത്. ബരാമുള്ളയിലും ഡ്രോണുകള്‍ കണ്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം പഞ്ചാബിലെ ഫിറോസ്പൂരില്‍ ജനവാസമേഖലയില്‍ പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഒരു സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ അതിര്‍ത്തിയിലെ മൂന്ന് ജില്ലകളില്‍ നിന്നുളളവരെ ബങ്കറുകളിലേക്ക് മാറ്റി. അമൃത്സറില്‍ നാല് ഡ്രോണുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമൃത്സര്‍ വിമാനത്താവളം മെയ് 15 വരെ അടച്ചിടും.

നിലവില്‍ പാകിസ്താന്‍ കനത്ത ഷെല്ലാക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള മുന്നറിയിപ്പ് നല്‍കി. അടുത്ത കുറച്ചു മണിക്കൂറുകള്‍ കഴിവതും വീടുകള്‍ക്കുളളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും സുരക്ഷിതമായി താമസിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും ഒമര്‍ അബ്ദുളള പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

'ജമ്മുവിലും പരിസര പ്രദേശങ്ങളിലുമുളള എല്ലാവരോടും ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയാണ്. അടുത്ത കുറച്ച് മണിക്കൂറുകള്‍ ദയവായി നിങ്ങള്‍ തെരുവുകളിലേക്ക് ഇറങ്ങരുത്. വീടുകളിലോ നിങ്ങള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ കഴിയുന്ന സ്ഥലങ്ങളിലോ തുടരുക. വ്യാജ വാര്‍ത്തകളെ അവഗണിക്കുക. അടിസ്ഥാനരഹിതമായതോ, സ്ഥിരീകരിക്കാത്തതോ ആയ കഥകള്‍ പ്രചരിപ്പിക്കരുത്. നമ്മള്‍ ഈ പ്രതിസന്ധിയെ ഒരുമിച്ച് മറികടക്കും', ഒമര്‍ അബ്ദുളള പറഞ്ഞു.

Content Highlights: Drone attack on Srinagar airport and Awantipora air base in southern establishment foiled

To advertise here,contact us