വീരമൃത്യു വരിച്ച ഇന്ത്യൻസൈനികന്റെ മാതാപിതാക്കളുമായി സംസാരിച്ച് ആന്ധ്രാമുഖ്യമന്ത്രി;ഭൗതികശരീരം നാളെ എത്തിക്കും

ആന്ധ്രാഗവർണർ എസ്‌ അബ്ദുൽ നസീറും മുരളി നായിക്കിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി

അമരാവതി: പാക് പ്രത്യാക്രമണത്തിൽ വീര മൃത്യു വരിച്ച സൈനികൻ മുരളി നായിക്കിന് ആദരാഞ്ജലി അർപ്പിച്ച്‌ ആന്ധ്രാ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. സൈനികന്റെ മാതാപിതാക്കളെ നായിഡു ഫോണിൽ വിളിച്ച് തന്റെ അനുശോചനം അറിയിച്ചു. ആന്ധ്രാഗവർണർ എസ്‌ അബ്ദുൽ നസീറും മുരളി നായിക്കിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.

ആന്ധ്രയിലെ ശ്രീ സത്യ സായി ജില്ലയിലെ കല്ലി തണ്ട എന്ന ഗ്രാമത്തിൽ നിന്ന് 2022ലായിരുന്നു മുരളി നായിക് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായത്.നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ രാത്രി ഉണ്ടായ വെടിവെയ്പില്‍ മുരളി നായിക്കിന് സാരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മരണം സംഭവിച്ചത്.

ശ്രീ സത്യസായി ജില്ലയിലെ ഗോരാണ്ട്‌ല മണ്ഡല്‍ സ്വദേശിയാണ് മുരളി നായിക്. പിതാവ് രാം നായിക് കര്‍ഷകനാണ്. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കടുത്താണ് മുരളിക്ക് പോസ്റ്റിം​ഗ് ലഭിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം വെടിവെയ്പ് നടത്തുകയായിരുന്നു. അതേ സമയം മുരളി നായിക്കിന്റെ ഭൗതിക ശരീരം നാളെ സ്വദേശത്ത് എത്തിക്കും.

content highlights :Andhra Pradesh Chief Minister speaks to parents of martyred Indian soldier

To advertise here,contact us