പാറ്റ്ന: രണ്ട് മുതിര്ന്ന എന്ഡിഎ നേതാക്കള് കോണ്ഗ്രസില് ചേര്ന്നു. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന് മാസങ്ങള് മാത്രം അവശേഷിക്കവേയാണ് ഇരുനേതാക്കളും എന്ഡിഎ വിട്ടത്.
മുന് ബിജെപി നേതാവ് അനില് സിങ്, ജെഡിയു നേതാവ് ശംഭു പട്ടേല് എന്നിവരാണ് കോണ്ഗ്രസില് ചേര്ന്നത്. കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് രാജേഷ് കുമാറിന്റെ സാന്നിദ്ധ്യത്തിലാണ് ഇരുവരും പാര്ട്ടിയില് അംഗത്വമെടുത്തത്.
അനില് സിങിന്റേത് വീട്ടിലേക്കുള്ള മടങ്ങിവരവാണെന്ന് രാജേഷ് കുമാര് പറഞ്ഞു. അനില് സിങിന്റെ പിതാവ് രാം രാജേഷ് സിങ് കോണ്ഗ്രസ് സംസ്ഥാനം ഭരിക്കുമ്പോള് മന്ത്രിയായിരുന്നു. ഇല്ലാതായ ചന്ദി നിയോജക മണ്ഡലത്തില് നിന്ന് രണ്ട് തവണ എംഎല്എയായിട്ടുണ്ട് അനില് സിങ്. ഒന്ന് കോണ്ഗ്രസ് ടിക്കറ്റിലും മറ്റൊന്ന് പിന്നീട് ജെഡിയു ആയി മാറി സമത പാര്ട്ടി ടിക്കറ്റിലുമായിരുന്നു. ശംഭു പട്ടേല് ജെഡിയു സംസ്ഥാന ജനറല് സെക്രട്ടറിയായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ സംസ്ഥാനത്ത് കോണ്ഗ്രസിന് ആവേശം നല്കുന്നതാണ് ഇരുനേതാക്കളുടെയും വരവ്. ആര്ജെഡി-കോണ്ഗ്രസ്- ഇടതുസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ആലോചന യോഗങ്ങള് നടന്നുവരികയാണ്.
Content Highlights: Two senior leaders of the ruling NDA in Bihar joined the Congress